X

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം : മുസ്‌ലിം യൂത്ത് ലീഗ് യുദ്ധവിരുദ്ധ വലയം ഒക്ടോബർ 12 ന് കോഴിക്കോട്

കോഴിക്കോട് : പശ്ചിമേഷ്യയിൽ അശാന്തിയുടെ കാർമേഘങ്ങൾ സൃഷ്ടിച്ച് ഫലസ്തീനെതിരെ അക്രമം ശക്തമാക്കിയ ഇസ്റായേലിൻ്റെ ഭരണകൂട ഭീകരതക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒക്ടോബർ 12 വ്യാഴാഴ്ച്ച രാത്രി 8മണിക്ക്  കോഴിക്കോട് യുദ്ധവിരുദ്ധ വലയം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സിക്രട്ടറി പി കെ ഫിറോസും അറിയിച്ചു. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിന് ചുറ്റുമാണ് യുദ്ധവിരുദ്ധ വലയം തീർക്കുക.

പലസ്തീനെതിരെ ശക്തമായ അക്രമണത്തിനാണ് ഇസ്രയേൽ നേതൃത്വം നൽകുന്നത്. അറബ് -ഇസ്റായേൽ സംഘർഷം തുടങ്ങുന്നത് 1948ൽ ഇസ്റായേലിൻ്റെ രൂപീകരണത്തോടെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജൂതർക്ക് വേണ്ടി മാത്രം ഒരു രാഷ്ട്രം നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ അതിന് പലസ്തീൻ തന്നെ കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം . ഇസ്റായേലിൻ്റെ രൂപീകരണത്തിന് ശേഷം ഫലസ്തീൻ്റെ ഭാഗമായിരുന്ന കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ഇസ്റായേൽ പിടിച്ചെടുത്തതാണ് സംഘർഷങ്ങളുടെ പ്രധാന കാരണം. ഇസ്റായേലായി മാറിയ പലസ്തീൻ പ്രദേശത്ത് 1948 ൽ 9 ലക്ഷം പേർ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ ഏഴേകാൽ ലക്ഷത്തോളം പലസ്തീൻ ജനതയെ പുറത്താക്കിയാണ് ജൂത രാഷ്ട്രം സ്ഥാപിക്കുന്നത്. യു എൻ രക്ഷാസമിതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധിനിവേശ പ്രദേശങ്ങളിൽ നിന്നും മാറാൻ ഇസ്റായേൽ തയ്യാറായിരുന്നില്ല. നിരവധി അക്രമണങ്ങളിലൂടെയും കൂട്ടക്കൊലയിലൂടെയും കുട്ടികളും വൃദ്ധരും ഉൾപ്പെടെ പതിനായിരങ്ങളെയാണ് ഇസ്റായേൽ കൊന്നൊടുക്കിയത്. ഫലസ്തീനികളെ ഇല്ലാതാക്കുന്നത് വിനോദമാക്കിയ ഇസ്റായേലിനെതിരെ ലോക മനസാക്ഷി ഉണരണമെന്ന് നേതാക്കൾ പറഞ്ഞു.

സ്വന്തം മണ്ണിൽ ജീവിക്കാൻ വേണ്ടി പോരാട്ടം നടത്തുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖാപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി തീർക്കുന്ന യുദ്ധ വിരുദ്ധ വലയത്തിൽ കണ്ണിചേരാൻ മുഴുവൻ മനുഷ്യ സ്നേഹികളോടും തങ്ങളും ഫിറോസും അഭ്യർത്ഥിച്ചു. യുദ്ധ വിരുദ്ധ വലയം വിജയിപ്പിക്കുന്നതിന് എല്ലാ പ്രവർത്തകരോടും രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

webdesk15: