അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്ങ്സ് നായകന്‍ എം.എസ് ധോനിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ 16കാരന്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. കച്ച് ജില്ലയിലെ മുന്ദ്രകച്ച് സ്വദേശിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പിടിയിലായതെന്ന് കച്ച് (വെസ്റ്റ്) പോലീസ് സൂപ്രണ്ട് സൗരഭ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന്‍ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത അശ്ലീല ഭീഷണി സന്ദേശം റാഞ്ചി പൊസീസ് കേസെടുത്തിരുന്നു. ഭീഷണി മുഴക്കിയ ഗുജറാത്ത് സ്വദേശിയുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ റാഞ്ചി പോലീസ് കച്ച് പൊലീസുനായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കഞ്ചി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 16 കാരന്‍ പിടിയിലായത്.

”സന്ദേശം പോസ്റ്റ് ചെയ്തത് അവന്‍ തന്നെയാണെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കുട്ടിയെ റാഞ്ചി പോലീസിന് കൈമാറും, ”പതിനാറുകാരനെ ചോദ്യംചെയ്യാന്‍ റാഞ്ചി പോലീസ് നാളെ കച്ചിലെത്താന്‍ സാധ്യതയുണ്ടെന്നും എസ്പി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്കെതിരെയും ഭീഷണിയുണ്ടായത്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ മോശം പ്രകടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്‌ക്കെതിരെയും സമാനമായ രീതിയില്‍ സൈബര്‍ അധിക്ഷേപം നടത്തിരുന്നു.