X

മെക്‌സിക്കോയില്‍ 166 തലയോട്ടികള്‍ കണ്ടെത്തി

 

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് 166 തലയോട്ടികള്‍ കണ്ടെടുത്തു. വെരാക്രൂസില്‍ 32 കുഴിമാടങ്ങളില്‍നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് അറ്റോര്‍ണി ജനറല്‍ ജോര്‍ജ് വിങ്കഌ പറഞ്ഞു. തലയോട്ടികളോടൊപ്പം 144 തിരിച്ചറിയല്‍ രേഖകളും പ്രദേശത്തുനിന്ന് കണ്ടെടുത്തു. കുഴിമാടം കണ്ടെത്തിയ കൃത്യമായ സ്ഥലം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ആഗസ്റ്റ് എട്ടിന് അജ്ഞാതനായ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തെരച്ചില്‍ നടത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചുമൂടിയതെന്ന് സംശിക്കുന്നു. ഡ്രോണുകളും ഭൂമിക്കടിയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. മയക്കുമരുന്നു മാഫിയകളുടെ ശക്തികേന്ദ്രമാണ് വെരാക്രൂസ്. അമേരിക്കന്‍ അതിര്‍ത്തി വഴി ഇവിടെ മയക്കുമരുന്ന് വ്യാപാരം സജീവമാണ്. 2006ന് ശേഷം വെരാക്രൂസില്‍ 3600 പേരെ കാണാതായിട്ടുണ്ട്. മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കാന്‍ മേഖയില്‍ മെക്‌സിക്കോ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും അക്രമങ്ങള്‍ തടയാനായിട്ടില്ല. മെക്‌സിക്കോയില്‍ മയക്കുമരുന്ന് മാഫിയകളുടെ ആക്രമണങ്ങളില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. രാജ്യവ്യാപകമായി 37,000 പേരെ കാണാതായിട്ടുമുണ്ട്. മന്ത്രിമാരും പൊലീസ് മേധാവിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ ഉള്‍പ്പെടുന്ന വന്‍ ശൃംഖലയാണ് മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ. മയക്കമരുന്ന് മാഫിയകള്‍ക്കിടയിലെ പോരാട്ടങ്ങളും രക്തച്ചൊരിച്ചിലുകളും രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ത്തിരിക്കുകയാണ്.

chandrika: