india
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരത്വവും 53 പേര്‍ ബ്രിട്ടീഷ് പൗരത്വവും 7 പേര്‍ പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.
അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
india
പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി, ഇന്ത്യയിലേയ്ക്ക് ക്ഷണം
ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചര്‍ച്ചയ്ക്കിടെ പുടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ പുടിന്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്രെംലിനില്‍ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മോദി പുടിന്‍ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. അതേസമയം ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും നേതാക്കള്‍ പരസ്പരം സംസാരിച്ചു. യുക്രൈനുമായി ബന്ധപ്പെട്ട് യുഎഇയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ച് പുടിന്‍ മോദിയോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനാണ് പുടിന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുമെന്നാണ് സൂചന.
india
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു

ബംഗളൂരു: കർണാടകയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന ‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം’ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായി 1,00,250 വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഇരട്ട വോട്ടുകൾ, വ്യാജ അഡ്രസ്, ഒരേ അഡ്രസിൽ നിരവധി വോട്ടുകൾ ചേർക്കൽ, ഫേക്ക് ഫോട്ടോകൾ തുടങ്ങിയവ വഴിയാണ് ഇത് നടത്തിയത്. വോട്ട് മോഷണം നടന്നിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ആയുധമാണ് വോട്ട്. ഈ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ പോരാടും. കഴിഞ്ഞ 10 വർഷത്തെ മെഷീൻ റീഡബിൾ വോട്ടർ പട്ടികയും വീഡിയോ രേഖകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റ് ‘മോഷ്ടിക്കപ്പെട്ടു’ എന്ന് രാഹുൽ പറഞ്ഞു. പൗരന്മാർക്കെതിരായ ക്രിമിനൽ പ്രവൃത്തിയാണ് ഇത്. കർണാടക സർക്കാർ ഈ കുറ്റകൃത്യം അന്വേഷിച്ച് നടപടിയെടുക്കണം. ആയിരക്കണക്കിന് വ്യാജന്മാരെ വോട്ടർ പട്ടികയിൽ ചേർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും മഹാദേവപുരയുടെ സത്യം പുറത്തുകൊണ്ടുവരികയും വേണം. ഇലക്ട്രോണിക് ഡാറ്റ തങ്ങൾക്ക് ലഭിച്ചാൽ, വോട്ടുകൾ മോഷ്ടിച്ചാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്ന് തെളിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ തങ്ങൾക്ക് കൈമാറാൻ തയ്യാറാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കർണാടകയിൽ, ഒന്നിലധികം സീറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് തനിക്ക് പറയാൻ കഴിയും. ഒരു സീറ്റിൽ തങ്ങൾ മോഷണം തെളിയിച്ചിട്ടുണ്ട്. കർണാടകയിൽ തങ്ങൾ 15-16 സീറ്റുകൾ നേടേണ്ടതായിരുന്നു. പക്ഷേ ഒമ്പത് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ആക്രമിക്കുകയാണ്. ഇത് ഭരണഘടനയെ ആക്രമിക്കുന്നതിന് തുല്യമാണ്. ഭരണഘടനയെ ആക്രമിച്ച് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഒന്നുകൂടി ചിന്തിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലും അട്ടമറി നടന്നതായി രാഹുൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ നാല് മാസങ്ങൾക്ക് ശേഷം, ബിജെപി അവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു, അത് ഒരു അത്ഭുതകരമായ ഫലമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കോടി പുതിയ വോട്ടർമാർ മാന്ത്രികമായി പ്രത്യക്ഷപ്പെട്ടു. പുതിയ വോട്ടർമാർ എവിടെയായിരുന്നാലും ബിജെപി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഈ അട്ടിമറിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. ഒരു സീറ്റിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാൻ തങ്ങൾക്ക് ആറ് മാസമെടുത്തു. നിങ്ങൾ ഞങ്ങൾക്ക് ഡാറ്റ നൽകിയില്ലെങ്കിൽ, മറ്റു സീറ്റുകളിലും തങ്ങൾക്ക് ഈ ജോലി ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഇത് മറച്ചുവെക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇതിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല. ഒരു ദിവസം, നിങ്ങൾക്ക് പ്രതിപക്ഷത്തെ നേരിടേണ്ടിവരും. ഇതിന് സമയമെടുത്തേക്കാം. പക്ഷേ തങ്ങൾ നിങ്ങളെ പിടികൂടും… നിങ്ങളെ ഓരോരുത്തരെയും. തന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ എന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
india
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി

ആസ്സാമിലെ ഗ്വൽപാറ ജില്ലയിൽ മുസ്ലിംകളെ കുടിയൊഴിപ്പിച്ച സംഭവവും തുടർന്ന് ജൂലൈയിൽ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് ക്രൈസ്തവ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും ന്യൂനപക്ഷവിരുദ്ധ സമീപനത്തിൻ്റെ ബഹിർപ്രകടനങ്ങളാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആഴത്തിലുള്ള ആപത്തിന്റെ ലക്ഷണങ്ങളാണ്. ന്യൂനപക്ഷസുരക്ഷ ഉറപ്പു വരുത്തേണ്ട സർക്കാരിൻ്റെ ഭാഗത്തുനിന്നു തന്നെയാണ് ഈ അതിക്രമങ്ങളുണ്ടായതെന്നതെന്നത് അതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് സമദാനി പറഞ്ഞു.
ആസ്സാമിൽ നടന്നത് കുടിയൊഴിപ്പിക്കലല്ല. തുടച്ചുനീക്കലാണ്. തങ്ങളുടെ വീടിൻ്റെ മേൽക്കൂരകൾക്ക് ചുവട്ടിൽ സ്വപ്നം കണ്ടുറങ്ങിയിരുന്ന കുടുംബങ്ങൾക്ക് ഇന്ന് ആശാഭംഗത്തിന്റെ ആകാശങ്ങൾക്ക് ചുവട്ടിൽ കഴിയേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. പ്രബലമായ രേഖകളോടെ ആഗ്രയിലേക്ക് ജോലിക്ക് പോയ മൂന്നു സ്ത്രീകൾ അനുഗമിച്ചതിന്റെ പേരിലാണ് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടത്. അതോടെ നിയമവാഴ്ച മറഞ്ഞുപോവുകയും പകരം ആൾക്കൂട്ടരോഷം സ്ഥാനം പിടിക്കുകയും ചെയ്തു.
ആക്റ്റൻ പ്രഭുവിന്റെ പ്രസിദ്ധമായ പ്രസ്താവനയുണ്ട്: “ഒരു രാജ്യം സ്വതന്ത്രമാണോ എന്ന് വിധികൽപ്പിക്കാനുള്ള ഏറ്റവും തീർച്ചയുള്ള പരീക്ഷണമാർഗ്ഗം അവിടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വമാണ് “. ഈ പരീക്ഷണം ഇന്നത്തെ ഇന്ത്യയിൽ ദുരന്തമാകുംവിധം വിട്ടുവീഴ്ചക്ക് വിധേയമായിരിക്കുകയാണെന്ന് പറഞ്ഞ സമദാനി വീടുകൾ തകർക്കുന്ന നടപടി അവസാനിപ്പിക്കാനും നിരപരാധികളെ സ്വതന്ത്രരാക്കാനും ഔദ്യോഗിക നയമായി രൂപാന്തരം പ്രാപിച്ചുവരുന്ന മുൻവിധികളെപ്പറ്റി അന്വേഷിക്കാനും സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
-
kerala2 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
india3 days ago
തപാല്‍ വകുപ്പ് രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
-
News2 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
india1 day ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala2 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala2 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala2 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അശ്ലീല സിനിമകളിലൂടെ പണ സമ്പാദനമെന്ന് പരാതി; നടി ശ്വേത മോനോനെതിരെ കേസ്