Connect with us

india

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നെറ്റിയിൽ ഗുരുതര പരുക്ക്

തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.

Published

on

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.

അതിനിടെ, മമതയുടെ ചിത്രം ടിഎംസി പുറത്തുവിട്ടു. നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രമാണ് പുറത്തുവിട്ടത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടിൽ വെച്ച് വീണതാണ് പരിക്കിന് കാരണമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്.

‘ഞങ്ങളുടെ ചെയർപേഴ്‌സൺ മമത ബാനർജിക്ക് ഗുരുതര പരിക്കേറ്റു. നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക’ എക്‌സിൽ തൃണമൂൽ കോൺഗ്രസ് കുറിച്ചു.

‘മുഖ്യമന്ത്രി മമത ബാനർജി പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. നല്ല ആരോഗ്യത്തിലേക്ക് അവർ പെട്ടെന്ന് തിരിച്ചുവരാൻ ഞങ്ങളുടെ പ്രാർഥനകൾ’ തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സുകന്ത മജുംദാർ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ വർഷം, ജൂണിൽ മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതിനെ തുടർന്നായിരുന്നു പരിക്കേറ്റത്.

ഇടത് കാൽമുട്ട് ജോയിന്റിനും ഇടത് ഹിപ് ജോയിന്റിനുമാണ് പരിക്കേറ്റിരുന്നത്. മാസങ്ങൾക്ക് ശേഷം സെപ്തംബറിൽ സ്‌പെയിനേലക്കുള്ള യാത്രക്കിടെ ഇടത് കാലിന് മറ്റൊരു പരിക്കുമേറ്റിരുന്നു. പരിക്കേറ്റ കാലിൽ അണുബാധയുണ്ടായതായി മമത പിന്നീട് അറിയിച്ചിരുന്നു.

ഈയിടെ വന്ന പൗരത്വഭേദഗതി നിയമമടക്കം കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നിലപാടുകളെ നിശിതമായി എതിർക്കുന്നയാളാണ് മമത ബാനർജി. പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. വിജ്ഞാപനം ചെയ്ത നിയമങ്ങൾ ‘ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്’ എന്നാണ് അവർ പറഞ്ഞത്.

‘ഇത് ബിജെപിയുടെ പണിയാണ്. തെരഞ്ഞെടുപ്പ് അടുത്താലുടൻ അവർ വാർത്താ ചാനലുകളിലൂടെ വിവരങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങുന്നു, എന്നിട്ട് അത് ആളുകളിലേക്ക് എത്തിക്കുന്നു. ഭയപ്പെടേണ്ട. ഞങ്ങൾ ഇവിടെ സിഎഎ അനുവദിക്കില്ല. ഇത് ബംഗാളാണ്.’ മമതാ ബാനർജി പറഞ്ഞു.

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

india

‘സ്വയം പ്രഖ്യാപിത ദിവ്യന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കമ്മിഷന്‍ പരിശോധിക്കണം’: മോദിയ്‌ക്കെതിരെ ശശി തരൂര്‍

Published

on

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ”ഒരു ദിവ്യന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ? ഇല്ലെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണം”- തരൂര്‍ പറഞ്ഞു.

തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

Continue Reading

india

ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 889 സ്ഥാനാര്‍ഥികള്‍

ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്

Published

on

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ അടക്കമുള്ളവര്‍ ഇന്ന് ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്.

889 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ 14ഉം ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ജാര്‍ഖണ്ഡിലെ നാലും മണ്ഡലങ്ങളും വിധി എഴുതും. ഏഴുസീറ്റുള്ള ഡല്‍ഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിയ ജമ്മുകാശ്മീരിലെ അനന്ത്‌നാഗിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുറമേ ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും വോട്ടെടുപ്പുണ്ട്. കനയ്യ കുമാര്‍, മേനക ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍,കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. അതേസമയം, ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിങ് കുറക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

Continue Reading

Trending