News

‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും

By webdesk17

November 05, 2025

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ എതിര്‍ ടീമിലെ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കുന്ന രീതി തുടരുമെന്നും പാകിസ്താനെതിരായ മത്സരങ്ങളിലും ഇതിന് മാറ്റമുണ്ടാകില്ലെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പ് മത്സരത്തില്‍ ഇരുടീമുകളിലെയും താരങ്ങള്‍ കൈകൊടുത്തത് വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണം.

ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളില്‍ ഹസ്തദാനം ഒഴിവാക്കിയ സാഹചര്യത്തിലാണ് ഹോക്കി ഇന്ത്യയുടെ പ്രതികരണം. നേരത്തെ ഏഷ്യ കപ്പിലും വനിത ലോകകപ്പിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് കൈ കൊടുത്തിരുന്നില്ല.

”ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല. ക്രിക്കറ്റ് താരങ്ങള്‍ എന്തുചെയ്താലും അത് അവരുടെ തീരുമാനം. ഒളിമ്പിക് ചാര്‍ട്ടറും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഹസ്തദാനമോ ഹൈ-ഫൈവോ ഒഴിവാക്കാന്‍ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. ഭാവിയിലും അത്തരമൊരു നിര്‍ദേശം നല്‍കില്ല. മൈതാനത്ത് ഇറങ്ങി കളിക്കാനും വിജയം നേടാനുമാണ് ഞങ്ങള്‍ താരങ്ങളോട് പറയുന്നത്,” എന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ഭോലനാഥ് സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുമായി ഹസ്തദാനം നിഷേധിച്ചതാണ് വലിയ വിവാദമായത്. മത്സരശേഷം പതിവുപോലെ കൈകൊടുത്ത് പിരിയുന്നതും ഒഴിവാക്കി. ഇതിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ശക്തമായി പ്രതികരിക്കുകയും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.

വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സമാനമായ നിലപാട് സ്വീകരിച്ചതും അന്നത്തെ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.