X

രാജ്യത്തിന്റെ പേര് മാറ്റുന്നു; ഭാരത് എന്നാക്കുമെന്ന് റിപ്പോര്‍ട്ട്‌

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു. വിഷയത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം. ഔദ്യോഗിക പ്രമേയത്തിലൂടെ പേരുമാറ്റം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ജി20 നേതാക്കള്‍ക്ക് സെപ്റ്റംബര്‍ ഒമ്പതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡണ്ട് ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നാണ് ഇതുവരെ രാഷ്ട്രപതിയുടെ ഔദ്യോഗിക രേഖകളില്‍ ഉണ്ടായിരുന്നത്. ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളാണ് രാജ്യത്തിന്റെ പേരിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ‘ഇന്ത്യ’ എന്ന പേരില്‍ വിശാല സഖ്യം രൂപവത്കരിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നീക്കം. ‘ഇന്ത്യ’ മുന്നണിക്കെതിരെ വിവിധ വേദികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു. ‘അവര്‍ ‘ഇന്ത്യ’യെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ- എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരര്‍ഥവും ഉണ്ടാകണമെന്നില്ല’ എന്നാണ് ജൂലൈയില്‍ മോദി പറഞ്ഞിരുന്നത്.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ബില്‍ അവതരണത്തിന് വേണ്ടിയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സെഷന്‍ എന്ന റിപ്പോര്‍ട്ടുമുണ്ട്. ബില്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് എതിരാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശം.

 

webdesk13: