തെലങ്കാന: ആന്ധ്രപ്രദേശിലെ ഭീമാവാരത്ത് ഭയാനക കുടുംബഹത്യ. യുവാവ് സ്വന്തം അമ്മയെയും സഹോദരനെയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം പൊലീസിനെ തന്നെ വിളിച്ച് വിവരം അറിയിക്കുകയും സ്വയം കീഴടങ്ങുകയും ചെയ്തു.
സംഭവം നവംബര്‍ 11-ന് പുലര്‍ച്ചെ 1നും 3നും ഇടയില്‍ ഭീമാവാരം വണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുങ്കരപദ്ദയ്യയിലാണ് ഉണ്ടായത്. പ്രതി ഗുനുപുടി ശ്രീനിവാസ് (37) ആണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ അമ്മ മഹാലക്ഷ്മി (60), സഹോദരന്‍ രവിതേജ (33) എന്നിവരാണ്.
പുലര്‍ച്ചെ 4.30-ഓടെ അടിയന്തര ഹെല്‍പ് ലൈന്‍ നമ്പര്‍ (112)ല്‍ വിളിച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയതായി ശ്രീനിവാസ് പൊലീസിനോട് തന്നെ സമ്മതിച്ചു.
പൊലീസ് ഉടന്‍ സ്ഥലത്തെത്തി ശ്രീനിവാസിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിനുശേഷം ശ്രീനിവാസ് മാനസികമായി തളര്‍ന്നിരുന്നതായി പൊലീസ് അറിയിച്ചു. നിലവില്‍ ഇയാള്‍ക്ക് വൈദ്യപരിശോധന നടത്തുന്നുണ്ട്.
വെസ്റ്റ് ഗോദാവരി എസ്.പി. അദ്നന്‍ നെയിം ആസ്മിം, ഡി.എസ്.പി. ജയ് സൂര്യ, ടൗണ്‍ സി.ഐ. നാഗര്‍ജുന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബംഗളൂരുവിലുള്ള സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.