X

കലോല്‍സവത്തിലെ വിവാദപ്പെരുമഴയില്‍ മുങ്ങി സി.പി.എമ്മും സര്‍ക്കാരും; പഴയിടത്തിന്റെ തീരുമാനം തിരിച്ചടി

കെ.പി ജലീല്‍

‘വെടക്കാക്കി തനിക്കാക്കുക’ആണ് ഉദ്ദേശിച്ചത്. സംഭവിച്ചത് ‘വെളുക്കാന്‍ തേച്ചത് പാണ്ടായ’തും !. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഇത്തവണ സി.പി.എം കളിച്ചത് നെറികെട്ട രാഷ്ട്രീയക്കളിയാണ്. കലോല്‍സവത്തിന്റെ മുന്നോടിയായി അവതരിപ്പിച്ച സംഗീതപരിപാടിയാണ് ആദ്യമേ മേളക്ക് കല്ലുകടിയായത്. ഇതിന് കാരണം സര്‍ക്കാരുമായി ബന്ധപ്പെട്ടവരായിരുന്നു. സംഘപരിവാറുമായി ബന്ധമുള്ള സംഘടനയെയാണ് സംഗീതശില്‍പത്തിന് ഏല്‍പിച്ചത്. പേരാമ്പ്രയിലെ മാതാ എന്നസംഘടനയുടെ സ്ഥാപകന് സംഘപരിവാര്‍ ബന്ധമുള്ളത് സി.പി.എമ്മുകാര്‍ക്ക് മാത്രമല്ല, കോഴിക്കോട്ടുകാരായ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നിട്ടും റിഹേഴ്‌സലില്‍ ബോധ്യപ്പെട്ടശേഷവും പരിപാടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ അവതരിപ്പിച്ച പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടിട്ടും അവര്‍ അനങ്ങിയില്ല.
എന്നാല്‍ ഇത് വിവാദമായതോടെ ഇതിനെ മറികടക്കാനുള്ള ആലോചനയിലായിരുന്നു സര്‍ക്കാരും സി.പി.എമ്മും. അങ്ങനെയാണ് പഴയിടം നമ്പൂതിരിയില്‍ പിടിച്ചത്. കലോല്‍സവം കോഴിക്കോട്ടാണെന്നതും മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണെന്നതുമാണ് ഇതിലേക്ക് ഇക്കൂട്ടരുടെ ശ്രദ്ധ തിരിച്ചുവിട്ടത്.

പഴയിടം നമ്പൂതിരിയുടെപാചകം വെജിറ്റേറിയനാണെന്നത് മലബാറിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന വിവാദത്തിന് തുടക്കമിട്ടത് സി.പി.എമ്മുമായി ബന്ധപ്പെട്ട കോണില്‍നിന്നായിരുന്നു. ജാതീയത വിളമ്പാനായിരുന്നു പച്ചക്കറി ഭക്ഷണത്തേക്കാള്‍ ചിലരുടെ താല്‍പര്യം. അതിന്റെ പാപഭാരം വലിയൊരു സമുദായത്തില്‍ കെട്ടിവെക്കുകയും ചെയ്യാമെന്നതായിരുന്നു കുരുട്ടുബുദ്ധി. ഇതില്‍ പക്ഷേ മുസ്‌ലിംകള്‍ വീണില്ലെന്ന് മാത്രമല്ല, പാചകം ഏതായാലും ,ആരായാലും ഭക്ഷണം വൃത്തിയുള്ളതാകണമെന്ന് മാത്രമായി വാദം ചുരുങ്ങി. എന്നാല്‍ പഴയിടത്തിന്റെ ജാതീയതയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു സി.പി.എമ്മുകാരുടെ സൈബര്‍ പോരാട്ടം. ഇത് ശരിവെച്ച് ഇനിമുതല്‍ മാംസഭക്ഷണവും കലോല്‍സവത്തില്‍ നല്‍കുമെന്നായി സി.പി.എം മന്ത്രിമാര്‍. ഇതോടെയാണ് പഴയിടം ചുവടുമാറ്റുന്നത്. മാംസഭക്ഷണം വെക്കണമെങ്കില്‍ അതുമാകാമെന്ന് പറഞ്ഞ പഴയിടത്തിന് പിന്നീട് നേരിട്ടത് സൈബര്‍ ആക്രമണമാണ്. പച്ചക്കറി മാത്രമേ അദ്ദേഹത്തിന് വെക്കാനറിയൂ എന്നായി പിന്നീട്.

ഇതെല്ലാം ആദ്യസംഗീതപരിപാടിയിലെ തിരിച്ചടി മറച്ചുവെക്കാനായിരുന്നു.
ഏതായാലും കലോല്‍സവത്തിന്റെ സമാപനപ്പിറ്റേന്ന് പഴയിടം ഇനി കലോല്‍സവത്തിന് പാചകക്കാരനാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കിവെച്ചതെല്ലാം പാഴാകുന്നതാണ് കണ്ടത്. സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെയാണ് പഴയിടത്തിന്റെ പുതിയ തീരുമാനം ശരിക്കും ആഘാതമായിരിക്കുന്നത്. 16 കൊല്ലമായി കലോല്‍സവത്തിലെ പഴയിടം പെരുമക്കാണ് സി.പി.എമ്മിന്റെ സങ്കുചിതരാഷ്ട്രീയംമൂലം തിരിച്ചടി നേരിട്ടത്. ഇതിന് പകരം വെക്കാന്‍ മറ്റാര് എന്ന ചോദ്യമുയരുമ്പോള്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഗൂഢആഹ്ലാദവുമുണ്ട്.
കൗമാരക്കാരുടെ ഭക്ഷണത്തില്‍ ജാതികലര്‍ത്തിയത് ആരെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനുത്തരം നല്‍കേണ്ടത് സി.പി.എമ്മും സര്‍ക്കാരുമാണ്.

Chandrika Web: