X

സംസ്ഥാന കലോത്സവം: പ്രധാനവേദിയുടെ മുന്‍വശം മാസങ്ങളായി ചളിയില്‍ മുങ്ങിക്കിടക്കുന്നു കണ്ണടച്ച് അധികൃതരും

കൊല്ലം ആശ്രമത്തെ ബസ് സ്‌റ്റോപ്പിന് മുന്‍വശം ചളിയില്‍ പുതഞ്ഞു നില്‍ക്കുന്നതിനാല്‍ ബസ് കാത്തിരിക്കുന്നവരും കലോത്സവത്തിന്റെ പ്രധാന വേദിയായതിനാല്‍ കാണികളും വലിയ രീതിയില്‍ ബുദ്ധിമുട്ടിലായി. പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, ഇളമ്പള്ളൂര്‍ തുടങ്ങിയ ബസുകള്‍ ചിന്നക്കടയില്‍ നിന്ന് ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴ ചെറുതായി ഒന്നു പെയ്താല്‍ ബസ്‌സ്‌റ്റേപ്പിന് മുന്‍വശമാകെ വെള്ളക്കെട്ട് രൂപപ്പെടും. വെയില്‍ നേരിട്ടു പതിക്കാത്ത ഇടമായതിനാല്‍ തന്നെ വെള്ളം വറ്റാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. ഇതെല്ലാം കുറെ നാളുകളായി ഇവിടെ സംഭവിക്കുന്നതാണ്. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്.

വെള്ളക്കെട്ടും ചളിയുമായതിനാല്‍ യാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടി വേണം ബസിന് അടുത്തേക്കു പോകാനും പ്രധാനവേദിയിലേക്ക് പോകാനും വലിയ ബുദ്ധിമുട്ടാണ്. ബസ് സ്‌റ്റോപിന്റെ മുന്‍വശത്ത് ഏറെ നീളത്തിലാണ് ഇപ്പോള്‍ ചളി നിറഞ്ഞു നില്‍ക്കുന്നത്. ആശ്രമത്ത് വന്നിറങ്ങുന്നവര്‍ക്കും ബസില്‍ നിന്ന് ഈ ചളിയിലേക്കോ വെള്ളക്കെട്ടിലേക്കോ ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചളിയും വെള്ളക്കെട്ടുമായതിനാല്‍ ബസുകളും ആ ഭാഗം വിട്ടിട്ട് റോഡിന്റെ മധ്യഭാഗത്തേക്കോ അല്ലെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു മാറിയോ ആണ് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ തിരക്കാണ് വേദിയിലും പുറത്തും ഇത് കാരണം വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും.

ബസ് സ്‌റ്റോപ്പില്‍ കയറി ഇരുന്നു വിശ്രമിച്ചു ബസ് കാത്തിരിക്കാമെന്നു കരുതിയാലും ചിലപ്പോള്‍ നടക്കില്ല. ബസിന് നിര്‍ത്താന്‍ കാണിക്കാനോ നിര്‍ത്തുമ്പോഴേക്ക് ചളിയും വെള്ളക്കെട്ടും മറികടന്നു എത്താനോ പെട്ടെന്നു കഴിയില്ല എന്നതാണ് കാരണം. ഇത് യാത്രക്കാര്‍ റോഡില്‍ തന്നെ ബസ് കാത്തിരിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായ ആശാമത്തെ ബസ്‌സ്‌റ്റോപ്പിന് മുന്‍വശം വെള്ളക്കെട്ടും ചളിയും നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്രയൊ മാസങ്ങള്‍ കഴിഞ്ഞു.

webdesk14: