X

പാകിസ്താന്‍ പതാകയില്‍ നിന്ന് ചന്ദ്രനെ മാറ്റണം; അല്ലാത്തപക്ഷം മാനനഷ്ടക്കേസ് നല്‍കും; ഹിന്ദുമഹാസഭാ നേതാവ്

പാകിസ്താന്‍ പതാകയില്‍ നിന്ന് ചന്ദ്രനെ ഒഴിവാക്കണമെന്ന് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി. ഇല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും വിവാദ ഹിന്ദുത്വവാദി നേതാവ് പറയുന്നു. ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയ ആളാണ് ചക്രപാണി. ഈ രണ്ട് ആവശ്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചതായും ചക്രപാണി ട്വീറ്റ് ചെയ്തു. ഈ കത്തും ഇയാള്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. ഒന്നുകില്‍ പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കണം. അല്ലെങ്കില്‍ അവരുടെ പതാകയില്‍ നിന്ന് ചന്ദ്രനെ മാറ്റണം. ഇല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ മാനനഷ്ടക്കേസ് നല്‍കും ചക്രപാണി പറയുന്നു.

ചന്ദ്രനെ ഹിന്ദു സനാതന രാഷ്ട്രമായി ഇന്ത്യന്‍ പാര്‍ലമെന്റ് പ്രഖ്യാപിക്കണമെന്നും ചന്ദ്രയാന്‍3 ലാന്‍ഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നുമാണ് ഇയാള്‍ ഇന്നലെ ആവശ്യപ്പെട്ടത്. കാരണം ജിഹാദി മനഃസ്ഥിതിയുള്ള ഒരാളും അവിടെയെത്തരുതെന്നും മറ്റു മതങ്ങള്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് മുമ്പ് ഇന്ത്യ അധികാരം പ്രഖ്യാപിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഇയാള്‍ വിചിത്ര ആവശ്യം ഉന്നയിച്ചത്. ഭഗവാന്‍ ശിവന്റെ തലയില്‍ ചന്ദ്രന്‍ തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്കു ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ചന്ദ്രനെ പരിപാവനമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദ്രനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുമ്പോള്‍ ശിവശക്തി പോയിന്റില്‍ ശിവ, പാര്‍വതി, ഗണേശ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു. വിവാദ പരാമര്‍ശങ്ങളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് സ്വാമി ച്ക്രപാണി മഹാരാജ്.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ശിവശക്തി പോയിന്റ് പ്രഖ്യാപനം. വിക്രം ലാന്‍ഡര്‍ മുദ്രപതിച്ച സ്ഥലം ‘തിരംഗ’ എന്ന പേരില്‍ അറിയപ്പെടുമെന്നും ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ബംഗളൂരുവില്‍ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാന്‍ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായി എത്തിയതായിരുന്നു മോദി.

webdesk13: