ഹൈദരാബാദ്: അമ്യൂസ്മെന്റ് പാര്‍ക്കിലെ കാറോട്ട മത്സരമായ ഗോ കാര്‍ട്ട് റൈഡിനിടെ മുടി ചക്രത്തില്‍ കുടുങ്ങി 20കാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഹൈദരാബാദിലെ ഗുറാം ഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ കൂട്ടുകാരുമൊത്ത് ഗോ കാര്‍ട്ടിങ് ചെയ്യുമ്പോഴാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ ശ്രീവര്‍ഷിനിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയത്. ഹെല്‍മെറ്റ് ധരിച്ചാണ് റൈഡില്‍ പങ്കെടുത്തത്. എന്നാല്‍ അബദ്ധവശാല്‍ ഹെല്‍മെറ്റിന് വെളിയില്‍ വീണ മുടി വണ്ടിയുടെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീവര്‍ഷിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് യുവതി പരിക്കേറ്റതെന്ന് മീര്‍പേട്ട് ഇന്‍സ്‌പെക്ടര്‍ എം മഹേന്ദര്‍ റെഡ്ഡി സ്ഥിരീകരിച്ചു. ”ഇന്ന് രാവിലെയാണ് മീര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയത്. ആ സ്ത്രീ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും വഴിയെ മുടി പുറത്തേക്ക് വന്നതായാണ് പ്രാഥമിക വിവരം. പിന്നാലെ അവളുടെ മുടി കാര്‍ട്ടിന്റെ ടയറില്‍ കുടുങ്ങുകയായിരുന്നു, ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പരാതിയില്‍ എഫ്ഐആര്‍ റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും, എം മഹേന്ദര്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.