കോവിഡ് എന്ന മഹാമാരി ലോകവ്യാപകമായി ജനജീവിതത്തെ സ്തംഭിപ്പിക്കുകയുണ്ടായി. അതിന്റെ പ്രതിഫലനം കേരളത്തിലും സ്വാഭാവികമായി പ്രത്യക്ഷപ്പെടുകയുണ്ടായി. 2020 മാര്‍ച്ച് മുതലാണ് കോവിഡിന്റെ സാന്നിധ്യം സംസ്ഥാനത്ത് ശക്തമായി തുടങ്ങിയത്. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. പൊതു ഗതാഗതസംവിധാനങ്ങള്‍ നിലച്ചു. കോവിഡ് വൈറസ് വ്യാപനം തടയാന്‍ ആരോഗ്യവിഭാഗം ശക്തമായ മുന്‍കരുതലുമായി രംഗത്തെത്തി. കോഴിക്കോട് ബീച്ച് ആസ്പത്രിയിലും മറ്റും സ്‌ക്രീനിങ് സെന്ററുകള്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ സ്വയം പരിശോധനക്ക് എത്തുകയായിരുന്നു. മാഹിയില്‍ ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വന്നതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. ബീച്ച് ആസ്പത്രിയിലെ സ്‌ക്രീനിങിന്റെ ചിത്രമാണ് ഒന്നാമത്തേത്.
കോവിഡ് വ്യാപകമായതോടെ നഗരത്തില്‍ എത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആളുകള്‍ കൂടി നില്‍ക്കുന്നതിന് നിയന്ത്രണം വന്നതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ ശൂന്യമായി. അരയിടത്ത് പാലത്തിന് സമീപമുള്ള ദൃശ്യവും ചിത്രത്തിലുണ്ട്.

കോവിഡിന്റെ പ്രാരംഭഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കിട്ടിയ ട്രെയിനുകളില്‍ നാട്ടിലേക്ക് വിട്ടു. മേയ് 13ന് രാജസ്ഥാനിലേക്ക് പോകാനെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്ന കാഴ്ചയും ഇവിടെയുണ്ട്.


കോഴിക്കോട് മോഡല്‍ സ്‌കൂളിലും ഗുജറാത്തി സ്‌കൂളിലും മറ്റു പല കേന്ദ്രങ്ങളിലും രോഗ നിര്‍ണയവുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍ തുടങ്ങിയിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷിതമായി സംസ്‌കരിക്കാന്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുകയുണ്ടായി.

നാലുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കുന്ന ചിത്രം കാണാം. 2020 ഏപ്രില്‍ 19നായിരുന്നു ഇത്.

കോവിഡിന്റെ ഭീതി അലയടിക്കുന്നതിന് ഇടയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടമുണ്ടായത്. 16 പേര്‍ അപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

 

2020 ആഗസ്റ്റ് ഏഴിനായിരുന്നു അപകടം. കേരളത്തെ നടുക്കിയ അപകടമായിരുന്നു അത്.


കോവിഡ് വന്നതോടെ ആള്‍ക്കൂട്ടമുള്ള ആഘോഷങ്ങളും ചടങ്ങുകളും അനുസ്മരണങ്ങളും ഇല്ലാതായി. ക്രൈസ്തവരുടെ തിരുവാരകര്‍മങ്ങളും ദു:ഖവെള്ളിയാഴ്ച ചടങ്ങുകളും നാമമാത്രമായി നടത്തി.

കോവിഡ് ഭീഷണിയുണ്ടായിട്ടും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെ നടത്തുകയുണ്ടായി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് മുഖം കാണാനോ അന്ത്യകര്‍മങ്ങള്‍ ആചാരപ്രകാരം നടത്താനോ സാധിക്കുമായിരുന്നില്ല.

അതിന്റെ വേദന ദൃശ്യമാകുന്ന പലതും ആസ്പത്രികളിലും മറ്റും കാണാനായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി നിര്‍വഹിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈ മുട്ടിയും പാത്രങ്ങള്‍ പരസ്പരം മുട്ടിയും ആഹ്ലാദം പ്രകടിപ്പിക്കുന്ന കാഴ്ച കാണാന്‍ കഴിഞ്ഞു.

കോവിഡിന്റെ ഭീഷണി തുടരുന്നതിനിടെയാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത്. പ്രചാരണത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ ചെറിയ തോതില്‍ ആള്‍ക്കൂട്ടം ദൃശ്യമായിരുന്നു.

കനത്ത നിയന്ത്രണങ്ങളോടെയാണ് വോട്ടിങ് നടന്നത്. എങ്കിലും വോട്ടിങ് ദിവസം പല ബൂത്തുകള്‍ക്ക് മുന്നിലും നീണ്ട ക്യൂ കാണാമായിരുന്നു. അതിന്റെ ദൃശ്യങ്ങളും ഇവിടെയുണ്ട്.