X

ഓസീസിനെതിരെ രണ്ടാം ടി-20 ഇന്ന്

നാഗ്പ്പൂര്‍: ഡെത്തിലെ തലവേദനയുമായി രോഹിത് ശര്‍മയുടെ ഇന്ത്യന്‍ സംഘമിന്ന് ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിക്കെതിരെ. മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്. ഇന്നും അരോണ്‍ ഫിഞ്ചിന്റെ സംഘം ജയിച്ചാല്‍ പരമ്പര അവര്‍ കൊണ്ട് പോവും. ടി-20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെ ഇന്ത്യക്കത് കനത്ത ആഘാതവുമാവും.

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് ഇന്ത്യന്‍ സംഘം. ലോകകപ്പിന് മുമ്പ് സമ്പൂര്‍ണ കരുത്തുള്ള ടീം എന്നതായിരുന്നു കോച്ച് രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുടെ ആഗ്രഹം. പക്ഷേ നിലവില്‍ ഡെത്ത് ബൗളിംഗ് ഇന്ത്യക്ക് വലിയ തലവേദനയായി മാറുന്നു. ഇന്ത്യ കളിച്ച അവസാന മൂന്ന് മല്‍സരങ്ങളില്‍ ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് അവസാന ഓവര്‍ ബൗളിംഗാണ്. ജസ്പ്രീത് ബുംറ എന്ന സീനിയര്‍ സീമര്‍ പരുക്കില്‍ നിന്നും പൂര്‍ണ മുക്തനാവാതെ പുറത്തിരിക്കവെ ബൗളിംഗ് നായകത്വം വഹിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ ദുരന്തമായി മാറുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടയാളാണ് ഭുവനേശ്വര്‍. പക്ഷേ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരങ്ങളിലും മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെയും അദ്ദേഹം ദയനീയ പരാജയമായി മാറി. ബുംറ ഇന്ന് ഇറങ്ങുമോ എന്നത് വ്യക്തമല്ല. മൊഹാലിയില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പ് മുന്‍നിര്‍ത്തി ബുംറയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷമി കോവിഡ് ബാധിതനായി പുറത്തായതും ടീമിനെ സാരമായി തന്നെ ബാധിക്കുന്നു.
പകരക്കാരനായി വന്ന ഉമേഷ് യാദവ് മൊഹാലിയില്‍ രണ്ടോവറില്‍ 27 റണ്‍സാണ് വഴങ്ങിയത്. നാഗ്പ്പൂരിലെ ട്രാക്ക് സ്പിന്നിനെ തുണക്കുമെന്നാണ് കരുതപ്പെടുന്നത്. മൊഹാലിയില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയാണ് ഇറക്കിയിരുന്നത്.

അക്‌സര്‍ പട്ടേലിനൊപ്പം യൂസവേന്ദ്ര ചാഹലും കളത്തിലുണ്ടായിരുന്നു. സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അവസരം നല്‍കാത്തത് ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹം ഇന്ന് കളിക്കുമോ എന്നതും വ്യക്തമല്ല. ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് നായകന്‍ ഫിഞ്ച് വ്യക്തമാക്കി. ആദ്യ മല്‍സരത്തിലെ പ്രകടനത്തില്‍ നായകന്‍ സംതൃപ്തനാണ്. ബൗളര്‍മാര്‍ കുറച്ച് കൂടി കാര്‍ക്കശ്യം പാലിക്കുന്ന പക്ഷം ഇന്ത്യന്‍ ബാറ്റര്‍മാരെ നിയന്ത്രിക്കാമെന്നും അദ്ദേഹം കരുതുന്നു.

web desk 3: