ലക്‌നൗ: ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) ദേശീയ പ്രസിഡന്റായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തെരഞ്ഞടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. നിതീഷ് കുമാര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാരോപിച്ച് നാല് സംസ്ഥാന പ്രസിഡന്റുമാര്‍ രംഗത്തെത്തി. പശ്ചിമബംഗാള്‍, ഡല്‍ഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രസിഡന്റുമാരാണ് വിമത സ്വരം ഉയര്‍ത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. വിമതരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ പ്രതിഷേധ ധര്‍ണയും നടന്നു. പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഓഫീസ് പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ്‌ ഗോവിന്ദ് യാദവ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ വിമതസ്വരം ഇല്ലാത്തത് നിലവില്‍ പാര്‍ട്ടിക്ക് ആശ്വാസമാണ്.