X

ഒരു വര്‍ഷത്തിനിടെ 500 മടങ്ങ് വളര്‍ച്ച; പ്രസാഡിയോ പിണറായിയുടെ അദാനിയോ?

നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ അദാനി നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചക്ക് സമാനമായി പിണറായിഭരണത്തില്‍ ഊരാളുങ്കലിന്റെ കടലാസ് കമ്പനിയായ പ്രസാഡിയോയുടെ വളര്‍ച്ച. എ.ഐ ക്യാമറ വിവാദത്തിലും കെ ഫോണ്‍ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനി പ്രവര്‍ത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നര ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം കമ്പനിയുടെ വരുമാനം 7.24 കോടി രൂപയായി. (500 മടങ്ങ് വളര്‍ച്ച) മൂന്നാം വര്‍ഷ വരുമാനം 9.82 കോടിയുമാണ്. കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമര്‍പ്പിച്ച രേഖകളിലാണ് ഇതു വ്യക്തമാക്കുന്നത്.

നിരത്തിലെ നിയമലംഘനം പിടികൂടാന്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്.ആര്‍.ഐ.ടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോയാണ്. കാസര്‍കോടും കണ്ണൂരും വെഹിക്കിള്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കലില്‍ നിന്ന് ഉപകരാറെടുത്തതും പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയില്‍ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018ല്‍ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് കരാര്‍ ഏറ്റെടുത്തത്. ട്രാഫിക്ക് ക്യാമറക്ക് കെല്‍ട്രോണ്‍ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കില്‍ ഇവിടെ കിഡ്‌കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്.

കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ വിശദാംശങ്ങള്‍ കൂടി പുറത്ത് വരുന്നത്. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നല്‍കിയ കരാറില്‍ ഉപകരാര്‍ നല്‍കിയത് പ്രസാഡിയോക്കായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്നും വ്യക്തമായി.
ക്യാമറാ വിവാദം തുടങ്ങിയ ആദ്യ ദിനം തന്നെ പ്രസോഡിയയുമായി ഒരു ബന്ധവുമില്ലെന്ന് ഈരാളുങ്കല്‍ ചെയര്‍മാന്‍ പ്രസ്താവന പുറപ്പെടുവിച്ചെങ്കിലും പിറ്റേന്ന് ബന്ധിപ്പിക്കുന്ന രേഖകള്‍ പുറത്തായതോടെ തടിതപ്പുകയായിരുന്നു. ഇതുള്‍പ്പെടെ റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെയും സി.പി.എമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തായിട്ടും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

കെ ഫോണ്‍ അടക്കം മറ്റ് വന്‍കിട പദ്ധതികളിലും സമാനമായ ഉപകരാറുകള്‍ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങളും നേരത്തെ പുറത്തായിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതല്‍ കരാര്‍ ഉപകരാര്‍ ജോലികളില്‍ ഒരേ കമ്പനികളുടെ സാന്നിധ്യം ആകസ്മികമല്ല. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന് പ്രസാഡിയോയുമായി നേരിട്ട് ബന്ധമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ, വ്യക്തമായൊരു മറുപടിയില്ലാത്തത് എല്‍.ഡി.എഫ് ഘടകക്ഷികള്‍ക്കിടയിലും മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.

webdesk11: