X

തളരാതിരിക്കട്ടേ കായിക കൗമാരം- എഡിറ്റോറിയല്‍

64ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് തലസ്ഥാന നഗരിയില്‍ തിരശ്ശീല വീഴുമ്പോള്‍ കായിക കൗമാരം തളരുന്നുവോ എന്ന ആശങ്കയാണ് ബാക്കിയാവുന്നത്. ദേശീയ ഗെയിംസില്‍ കേരളം വര്‍ഷങ്ങളായി ട്രാക്കിലും ഫീല്‍ഡിലും പിന്നോട്ടു നടന്നുകൊണ്ടിരിക്കുമ്പോള്‍ സ്‌കൂള്‍ കായികമേളയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ആവേശക്കുറവ് കൂടുതല്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കപ്പെടേണ്ടതാണ്. 2019 ല്‍ കണ്ണൂരില്‍ നടന്ന തൊട്ടുമുമ്പത്തെ മേളയില്‍ 16 മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നുവെങ്കില്‍ തിരുവനന്തപുരത്തേക്കെത്തിയപ്പോള്‍ അത് ആറായി ചുരുങ്ങിയിരിക്കുകയാണ്. അതോടൊപ്പം മീറ്റിലെ നിറസാനിധ്യങ്ങളായ സ്‌കൂളുകളുടെ തളര്‍ച്ചയും ചില സ്‌കൂളുകളുടെ പിന്‍മാറ്റവും ശുഭസൂചനകളല്ല നല്‍കുന്നത്.

എറണാകുളം മാര്‍ബേസില്‍, പാലക്കാട് പറളി, മുണ്ടൂര്‍ സ്‌കൂളുകളുടെ പ്രകടനം മുന്‍കാലത്തെ അപേക്ഷിച്ച്‌മോശമായപ്പോള്‍ കോതമംഗലം സെന്റ്‌ജോര്‍ജ് മീറ്റിനുതന്നെ എത്തിയില്ല. മേളയുടെ ചരിത്രത്തില്‍തന്നെ ഏറ്റവും കുറവ് റെക്കോര്‍ഡുകള്‍ പിറന്ന മീറ്റുകളിലൊന്നാണ് കഴിഞ്ഞുപോയതെന്നത് മാത്രമല്ല ഈ ആറ് റെക്കോര്‍ഡുകളില്‍ ഒന്നുമാത്രമാണ് ട്രാക്കില്‍ സംഭവിച്ചത് എന്നതും അടിവരയിടേണ്ടതാണ്. അധികൃതരുടെ അനാസ്ഥ തന്നെയാണ് ഈ പിന്നോട്ടടിയുടെ ഒന്നാമത്തെ കാരണം എന്നത് ആരോപണത്തിനപ്പുറം ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. സ്‌കൂള്‍ തലത്തിലായാലും സീനിയര്‍ തലത്തിലായാലും കായിക രംഗത്ത് പ്രഖ്യാപനങ്ങള്‍ മാത്രമാണ് പലപ്പോഴും നടക്കുന്നത്. പതിവുപോലെ തിരുവനന്തപുരത്തെ ഉദ്ഘാടനച്ചടങ്ങിലും മുഖ്യമന്ത്രി വിസ്മയകരമായ പ്രഖ്യാപനങ്ങളും മോഹന വാഗ്ദാനങ്ങളുമാണ് വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കു മുന്നില്‍ നിരത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളോട് പൊരുത്തപ്പെടുന്ന നിലയിലല്ല കായികരംഗത്തെ നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍. പതിനയ്യായിരത്തിലധികം വരുന്ന കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ രണ്ടായിരത്തിനടുത്തിടങ്ങളില്‍ മാത്രമാണ് കായികാധ്യാപക തസ്തിക നിലവിലുള്ളത് എന്നത് ഈ അവസ്ഥക്കുള്ള ഒരുദാഹരണം മാത്രമാണ്.

തിരിച്ചടികള്‍ക്കിടയിലും പുതിയ ജില്ലകളും സ്‌കൂളുകളും മുന്‍നിരയിലേക്ക് കടന്നുവരുന്നത് ശ്രദ്ധേയമാണ്. 2019ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ജില്ല വിസ്മയകരമായ കുതിപ്പിലൂടെ രണ്ടാം സ്ഥാനത്ത് ഫിനിഷ്‌ചെയ്തിരിക്കുകയാണ്. 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമായി 149 പോയിന്റ് നേടിയ ജില്ല ആധികാരിക മുന്നേറ്റമാണ് കാഴ്ചവെച്ചത്. 54 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് മലപ്പുറം രണ്ടാമതെത്തുന്നത്. സ്‌കൂളുകളില്‍ മലപ്പുറത്തെ തന്നെ കടകശ്ശേരി ഇ.എച്ച്.എസ്.എസ് പ്രമുഖരെയെല്ലാം വെട്ടിനിരത്തി ഒന്നാമതെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ 13 ാം സ്ഥാനത്തായിരുന്ന ഐഡിയല്‍ 25 പേരുമായെത്തി 20 മെഡലും സ്വന്തമാക്കിയാണ് മടങ്ങിയത്. കാസര്‍കോട് ജില്ലയിലെ കെ.സി ത്രോസ് സ്‌കൂളും ആവേശകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. എട്ടുപേരുമായി വന്ന് അവര്‍ നേടിയത് ഒരു ട്രിപ്പിള്‍ ഉള്‍പ്പെടെ ഏഴ് സ്വര്‍ണവും ഒരു വെള്ളിയുമാണ്. ഇതില്‍ തന്നെ നാലു മീറ്റ് റെക്കോര്‍ഡുകളും. അക്കാദമിക് രംഗത്തെന്നപോലെ കായിക രംഗത്തും കലാരംഗത്തുമെല്ലാം മലപ്പുറം പ്രകടിപ്പിക്കുന്ന മുന്നേറ്റം മറച്ചുപിടിക്കാന്‍ സാധിക്കാത്തതാണ്.

ത്രിതല പഞ്ചായത്തുകളുള്‍പ്പെടെയുള്ള പ്രാദേശിക ഭരണ സംവിധാങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളാണ് ഈ കുതിച്ചു ചാട്ടത്തിനു പിന്നില്‍ എന്നത് വ്യക്തമാണ്. സാമ്പത്തിക ഞെരുക്കത്തിന്റെയും മറ്റും പേരില്‍ സേവനമേഖലയില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്‍വാങ്ങുന്നതിന്റെ തിരിച്ചടിയേല്‍ക്കേണ്ടി വരുന്നവരില്‍ നമ്മുടെ വിദ്യാലയങ്ങളുമുണ്ട്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതകൊണ്ട് വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകവും കായികപരവുമായ മികവുകള്‍ പരിപോഷിക്കപ്പെടാതെ പോകുന്ന സാഹചര്യം ഇന്നും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുകയാണ്. ഈ അപര്യാപ്തതയെ ജനകീയ മുന്നേറ്റത്തിലൂടെ മറികടക്കുന്നു എന്നതാണ് മലപ്പുറം രചിക്കുന്ന നവവിപ്ലവത്തിന്റെ രഹസ്യം.

കായിക രംഗത്ത് സര്‍ക്കാറിന്റെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടതിന്റെ ആവശ്യകതയിലേക്ക് ഓരോ മേളകളും വിരല്‍ചൂണ്ടിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ നിരാശാജനകമായ പ്രകടനമാണ് കേരളം കാഴ്ച്ചവെച്ചത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴ്‌നാടുമെല്ലാം മികച്ച പ്രകടനം കാഴചവെച്ചപ്പോള്‍ ഒരു കാലത്ത് സംസ്ഥാനത്തിന്റെ കുത്തകയായിരുന്ന ട്രാക്കിലും ഫീല്‍ഡിലുമെല്ലാം ബഹുദൂരം പിന്നോട്ടടിക്കുകയുണ്ടായി. സ്‌കൂള്‍ കായിക മേളയും നല്‍കുന്നത് ഭാവി എത്രത്തോളം ശുഭകരമാണ് എന്ന സന്ദേഹം തന്നെയാണ്.

web desk 3: