അങ്കമാലി കറുകുറ്റിയില്‍ അമ്മൂമ്മയോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവില്‍ ആന്റണിയുടെയും റൂത്തിന്റേയും മകള്‍ ഡെല്‍ന മരിയ സാറയാണ് കൊലപ്പെട്ടത്.
സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മൂമ്മ റോസി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയിലായ വയോധികയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും യുവതിയുടെ കറുകുറ്റിയിലെ വീട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് അമ്മൂമ്മയോടൊപ്പം ഉറക്കാന്‍ കിടത്തിയതായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാത്തതിനാല്‍ ബന്ധുക്കള്‍ കുഞ്ഞിനെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന് മരണം സംഭവിച്ചതടക്കമുള്ള ചോദ്യങ്ങളില്‍ വീട്ടുകാര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. പിന്നാലെ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ പൊലീസ് വിവരങ്ങള്‍ ശേഖരിച്ച ശേഷം കറുകുറ്റിയിലെ വീട്ടിലെത്തിയതോടെ അമ്മൂമ്മ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
സംഭവം നടന്ന വീട് പൊലീസ് സീല്‍ ചെയ്തു. കുഞ്ഞിന്റെ മരണം അറിഞ്ഞ് പിതാവ് ആന്റണിയും ബന്ധുക്കളും സ്ഥലത്തെത്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൃത്യം ചെയ്തത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സോഡിയം കുറയുമ്പോള്‍ അമ്മൂമ്മ മാനസികാസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നു.