X

ആഭരണങ്ങള്‍ കവര്‍ന്നശേഷം വയോധികയെ കൊലപ്പെടുത്തി മച്ചില്‍ ഒളിപ്പിച്ച കേസ്; മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് തെളിഞ്ഞെന്നും തെളിവുകള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവില്‍ പോകാനും പ്രതികള്‍ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് കൊല നടത്തിയത്. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്.മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപ്പെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.

webdesk13: