X

പാലക്കാട്ട് നാലു വയസുകാരനെ പിതൃസഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല, വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. രാത്രി മധുസൂദനന്റെ അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലുള്ളവരെല്ലാം ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയത്ത് ഋത്വികിനെയും ബാലകൃഷ്ണന്റെ മകളെയും ഉറങ്ങാനായി വീട്ടിലാക്കി. ഈ സമയത്ത് ദീപ്തിദാസ് ആണു വീട്ടിലുണ്ടായിരുന്നത്.

രാത്രി പത്തോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ഇളയമകളാണു പിറകുവശത്തെ വാതില്‍ തുറന്നുകൊടുത്തത്. ഈ സമയത്താണു കുട്ടിയെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ദീപ്തിദാസിനെ ചോരവാര്‍ന്നു കിടക്കുന്നതായും കണ്ടെത്തി.

ബന്ധുക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി ദാസിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേയ്ക്കും മാറ്റുകയായിരുന്നു. ദീപ്തി ദാസ് മാനസിക പ്രശ്നത്തിന് ചികിൽസയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

webdesk14: