kerala

മൂന്നര വയസുകാരിയെ തെരുവ് നായ ആക്രമിച്ച സംഭവം; ശസ്ത്രക്രിയ പരാജയപ്പെട്ടു, ചെവിയുടെ ഭാഗം പഴുപ്പ് കയറി

By webdesk18

October 27, 2025

എറണാകുളം: വടക്കന്‍ പറവൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ചെവി നഷ്ടപ്പെട്ട മൂന്നര വയസുകാരി നിഹാരയുടെ ശസ്ത്രക്രിയ പരാജയപ്പെട്ടു. ചെവിയുടെ ഭാഗം തുന്നി ചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് പഴുപ്പ് കയറിയതോടെ ശസ്ത്രക്രിയ ഫലം കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നീണ്ടൂരില്‍ ഞായറാഴ്ച വൈകുന്നേരം മറ്റ് കുട്ടികളോടൊപ്പ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. തെരുവ് നായ കടിച്ച് നിഹാരയുടെ ചെവി പറിച്ചെടുത്തതിനെത്തുടര്‍ന്ന്, സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവര്‍ ഓടിയെത്തി നായയെ ഓടിച്ചു. കുട്ടിയുടെ പിതാവ് മിറാഷും മറ്റൊരാളും ചേര്‍ന്ന് കുഞ്ഞിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നിഹാരയുടെ ചെവിയുടെ ഭാഗം നിലത്തു വീണ നിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ അത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ ചികിത്സക്കായി നിഹാരയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, വാക്സിനേഷന്‍ നല്‍കിയതിനു ശേഷം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി.

എന്നാല്‍ ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചില്ല. ചെവിയുടെ ഭാഗം പഴുപ്പ് കയറിയതോടെ വീണ്ടും ചികിത്സ ആവശ്യമായ സാഹചര്യം രൂപപ്പെട്ടു. കുഞ്ഞിന്റെ ചെവിയുടെ ഭാഗം പുനഃസ്ഥാപിക്കാന്‍ സാധിക്കുമോ എന്നത് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ മാത്രമേ വ്യക്തമാവൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

സംഭവത്തിന് പിന്നാലെ തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ആക്രമണം തെരുവ് നായ പ്രശ്‌നത്തിന്റെ ഗൗരവം വീണ്ടും മുന്നോട്ടുവച്ചതായി പ്രദേശവാസികള്‍ പ്രതികരിച്ചു.