X

സംശയ നിഴലില്‍ ആപ്

കെ.എന്‍.ആനന്ദ് നാറാത്ത്

അഴിമതിക്കെതിരെ രംഗപ്രവേശം ചെയ്ത ആംആദ്മി ഇപ്പോള്‍ പരിഹാസ്യമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നത്. ഗുജറാത്തില്‍ വിജയിപ്പിച്ചാല്‍ അയോധ്യാ രാമക്ഷേത്രത്തില്‍ സമ്പൂര്‍ണ സൗജന്യ ദര്‍ശനം, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം, കറന്‍സികളില്‍ ദേവീ – ദേവന്മാരുടെ കടാക്ഷത്തിനായി അവരുടെ പടം വെയ്ക്കണം. ഇതിനുപുറമെ ബി.ജെ.പി ക്കെതിരായ പ്രതിപക്ഷ സംഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാള്‍ അവര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ബില്ലുകളെയും പിന്തുണക്കുകയും ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള നീക്കത്തില്‍ ബി.ജെ.പി യെ പിന്തുണച്ചു. പൗരത്വ പ്രക്ഷോഭ കാലത്ത് ജാമിയഅ മില്ലിയിലെയും ജവഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹി യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനത്തിനിരയായപ്പോള്‍ ആപ്പ് നേതാക്കള്‍ മൗനത്തിലായിരുന്നുവെന്ന് മാത്രമല്ല തല്ലു കൂടാനല്ല പഠിക്കാനാണ് വരേണ്ടത് എന്ന് തല്ല് കൊണ്ടവരെ ഉപദേശിക്കാനും മറന്നില്ല. കോവിഡ് പരത്തിയത് തബ്‌ലീഗുകാരാണ് എന്ന സംഘപരിവാര്‍ വിദ്വേഷ പ്രചരണത്തെ പിന്തുണച്ചു. രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ ആപ്പ് മൗനത്തിലായിരുന്നു. രാമനവമി, ഹനുമാന്‍ ജയന്തി ദിനങ്ങളില്‍ നടന്ന ന്യൂനപക്ഷ ആക്രമണങ്ങളില്‍ ആപ്പിന്റെ തികഞ്ഞ മൗനം. ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹനുമാന്‍ ചാലിസ. ആംആദ്മി മതേതര പാര്‍ട്ടിയോ അതോ കേവല ഹിന്ദുത്വ അജണ്ട മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരോ എന്ന ചോദ്യമാണ് ഇതെല്ലാം ഉയര്‍ത്തുന്നത്.

ജന്‍ലോക്പാല്‍ സമരവും ആംആദ്മി ജനനവും
അഴിമതി തടയുന്നതിന് സ്വതന്ത്രഅധികാരമുള്ള സംവിധാനത്തിന് വേണ്ടി യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2011 മുതല്‍ ജന്തര്‍മന്തറിലും രാംലീലാ മൈതാനിയിലും കണ്ട ഹസാരെ സമരങ്ങളിലൂടെയാണ് അരവിന്ദ് കെജ്‌രിവാള്‍ സജീവമായി പ്രത്യക്ഷപ്പെടുന്നത്. വിവേകാനന്ദ ഇന്റര്‍നേഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘപരിവാര്‍ താല്‍പര്യമുള്ള ഗവേഷണ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന ഇന്റലിജന്‍സ് ബ്യൂറോ മുന്‍ തലവന്‍ അജിത് ഡോവാലായിരുന്നു ഹസാരെ സമരത്തിന് പിന്നില്‍ വര്‍ത്തിച്ച ബുദ്ധികേന്ദ്രം. ഡോവാലിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. ഡല്‍ഹി സമരത്തിനായി ആര്‍.എസ്.എസ് ആന്റി കറപ്ഷന്‍ ഫ്രണ്ട് എന്ന പേരില്‍ ഒരു സമിതി രുപീകരിച്ച് ഗോവിന്ദാചാര്യ കണ്‍വീനറും ബാബാ രാംദേവ് രക്ഷാധികാരിയുമായാണ് പ്രവര്‍ത്തനം മുന്നോട്ട് പോയത്. ആന്റി കറപ്ഷന്‍ ഫ്രണ്ടിന്റെ രുപീകരണ തുടര്‍ച്ചയായി എ.ബി.വി.പി യൂത്ത് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന കാമ്പയിനിന് രൂപം നല്‍കി. ഈ പരമ്പരയുടെ തുടര്‍ച്ചയായാണ് 2012 നവംബര്‍ 26 ന് അരവിന്ദ് കെജ്‌രിവാള്‍ ആംആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കിയത്. യു.പി.എ ഭരണകാലത്ത് ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ സ്‌പെക്ട്രം അഴിമതി നടന്നിട്ടുണ്ട് എന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡീറ്റര്‍ ജനറല്‍ വിനോദ് റായ് സംശയമറ സൃഷ്ടിച്ചതും ഈ അഴിമതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അണ്ണാഹസാരെ, അരവിന്ദ് കെജ്‌രിവാള്‍, ബാബാ റാംദേവ്, കിരണ്‍ബേദി, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. സ്‌പെക്ട്രം അഴിമതി കേസ് അടിസ്ഥാനമില്ലെന്ന് കണ്ട് പ്രതികളെല്ലാം കുറ്റമുക്തരായപ്പോള്‍ യു.പി.എക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച്‌നടത്തിയ അഴിമതി വിരുദ്ധ സമരം ഗൂഢാലോചനയായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു.

ഗുജറാത്തില്‍ നിറ സാന്നിധ്യമാവുമ്പോള്‍
27 കൊല്ലം ബി.ജെ.പി തുടര്‍ച്ചയായി ഭരണം നടത്തുന്ന ഗുജറാത്തില്‍ ഭരണവിരുദ്ധ വോട്ടുകളെ എ.എ.പി ഉറ്റുനോക്കുന്നു. കോണ്‍ഗ്രസ് – ബി.ജെ.പി നേര്‍ക്കുനേര്‍ പോരാട്ടത്തിനിടെ ആം ആദ്മി എന്ന കറുത്ത കുതിരയെ കെട്ടിയിറക്കുന്നത് ബി.ജെ.പി ക്ക് വേണ്ടിയല്ലെന്ന് കരുതാന്‍ കഴിയില്ല. ഗുജറാത്തിലാവട്ടെ ഹിമാചലിലാവട്ടെ ഭൂരിപക്ഷ ഹിന്ദുസമുദായത്തെ കൈപ്പിടിയിലൊതുക്കാനാണ് കെജ്‌രിവാള്‍ വര്‍ഗീയകാര്‍ഡ് കളിക്കുന്നത്. രാമക്ഷേത്രത്തില്‍ സമ്പൂര്‍ണ ദര്‍ശനവും രാജ്യത്ത് പ്രചരിക്കുന്ന കറന്‍സികളില്‍ ഹിന്ദുദേവീദേവന്മാരുടെ പടം വേണമെന്ന ആവശ്യവും മതേതര മൂല്യങ്ങളെ തുരങ്കം വെയ്ക്കുന്നതാണ്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സാമ്പത്തിക നടപടികളാണ് വേണ്ടത്. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടേയും ഗണപതി ഭഗവാന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ തോന്നല്‍ ഹൈന്ദവ വോട്ട് ബാങ്കില്‍ കണ്ണുവെച്ചുള്ള ഹിന്ദുത്വ കാര്‍ഡ് മാത്രമാണ്. ഹിന്ദുത്വ അജണ്ടയില്‍ ബി.ജെ.പി യേക്കാള്‍ ഒരുപടി മുന്നിലാണ് ആം ആദ്മി എന്ന് പകല്‍പോലെ വ്യക്തം.

അഴിമതിക്കറ വീണ ആംആദ്മിയുടെ തള്ളി മറിച്ചിലുകളും കളങ്കപൂര്‍ണമാണ്. മദ്യമാഫിയകളില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണ വിധേയനായ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെ അന്വേഷണം നടക്കുന്നത് പോലും കോണ്‍ഗ്രസിന്റെ ഇടപെടല്‍ കാരണമാണ്. ഇക്കഴിഞ്ഞ ദിവസമാണ് സാമ്പത്തിക തട്ടിപ്പിന് ജയിലില്‍ കഴിയുന്നു മുകേഷ് ചന്ദ്രശേഖര്‍ ആം ആദ്മി പാര്‍ട്ടി മാത്രം അമ്പത് കോടി കൈപ്പറ്റിയെന്ന് ആരോപണമുന്നയിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ താമരക്ക് ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആം ആദ്മി കഥനത്തിന് വന്‍ മീഡിയാ കവറേജ് നാം കണ്ടു. ഇതും അതി ജീവിച്ച് ആം ആദ്മി രാഷ്ട്രീയ പോരാട്ടം നടത്തിയെന്ന് വരുത്തി തീര്‍ക്കണം. സംഘപരിവാരവും കെജ്‌രിവാളും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോള്‍ അരങ്ങേറുന്നത്. യു.പി.യിലെ വരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിച്ച് വീരപരിവേഷമണിഞ്ഞ കെജിരിവാളിന്റെ പാര്‍ട്ടി ഇപ്പോള്‍ ബി.ജെ.പി ക്കെതിരെ ആ സംസ്ഥാനത്ത് മൃദൃലസമീപനമാണ് പുലര്‍ത്തുന്നത്. ആപ്പിനെ അവഗണിച്ച് കോണ്‍ഗ്രസിനെ അരയും തലയും മുറുക്കി എതിര്‍ക്കുന്ന ബി.ജി.പി യുടെ തന്ത്രവും തിരിച്ചറിയണം.

യു.പിയില്‍ വളരാത്തതെന്ത്
2014 നു ശേഷം നാളിതുവരെ ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി വളരാത്തതും അവിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കേവല സാന്നിധ്യം പോലുമില്ലാത്തതും എന്തുകൊണ്ടാവും. ഉത്തരം ലളിതം, ബി.ജെ.പി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വിശ്വസ്ത വിധേയന്‍ കെജ്‌രിവാളും കൂട്ടരും ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശില്‍ ജീവിച്ച കെജ്‌രിവാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് തന്റെ പാര്‍ട്ടി വളര്‍ത്താതെ ഉള്‍വലിയുന്നത് അവിടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ തന്റെ ആവശ്യമില്ല എന്നതിനാലാണ്. യു.പി യില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഒരുവേള ബി.ജെ.പി ക്ക് അടിപതറുമ്പോള്‍ കെജ്‌രിവാള്‍ കുതിച്ചെത്തും. ഗുജറാത്തിലെ ബി.ജെ.പി ക്ക് വോട്ടിംഗ് ശതമാനം കുറഞ്ഞാല്‍ കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ട് ശതമാനം ഭിന്നിപ്പിച്ച് ബി.ജെ.പി ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്ന ‘സീക്രട്ട് ഏജന്റായി കെജ്‌രിവാള്‍ മാറുന്ന്ത നമുക്ക് കാണാം.

മോദിയും കെജ്‌രിവാളും ഇടക്കിടെ നടത്തുന്ന പ്രസ്താവന യുദ്ധങ്ങള്‍ വഴി ബി.ജെ.പി യും ആംആദ്മിയും വിരുദ്ധ ചേരിയിലാണെന്ന് വരുത്തി തീര്‍ക്കുന്നു. സംഘപരിവാറിന്റെ അടവുനയമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നത്. ആംആദ്മിയെ പരിചയാക്കി നിഷ്പക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പി ക്ക് ഭരണത്തിലേറാന്‍ പാതയൊരുക്കുന്നവരാണ് ആംആദ്മിക്കാരെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ ഇനിയുമേറെ വൈകരുത്. കോണ്‍ഗ്രസ് അതിശക്തമായിടത്ത് മാത്രം ആംആദ്മി രംഗത്തെത്തുന്നത് വോട്ട് ഭിന്നിപ്പിച്ച് അന്തിമമായി ബി.ജെ.പി യെ അധികാരത്തിലേറ്റാനാണ്. പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ നിരീക്ഷണത്തില്‍ ഏറെക്കാലം നിര്‍ത്തിയെന്ന ആരോപണമുണ്ടായി. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ എന്തുകൊണ്ടാണ് ഇതില്‍ പെടാതെ പോയത്. ഏറെ അഴിമതി ആരോപണം നേരിടുന്ന ആപ്പിനോട് കേന്ദ്രഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് എന്താണിത്ര ‘സോഫ്റ്റ് കോണര്‍’?. സംഘപരിവാര്‍ കൂടാരത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ദുര്‍ഭൂതമാണ് ആംആദ്മിയെന്നതിനാലല്ലേ ഇത്. ആംആദ്മിയെന്ന പാര്‍ട്ടി തത്സ്വരൂപത്തില്‍ സംഘപരിവാരശക്തിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുത്തേ മതയാകൂ. കോണ്‍ഗ്രസിനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന് ഭാരതത്തിലെ ജനമനസ്സ് മന്ത്രിക്കുന്നുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിനാകണം.

web desk 3: