ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തിലും നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെ 70 പേരുടെ ചിത്രങ്ങള്‍ നിയമസഭയില്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍, 70 അംഗ ലിസ്റ്റില്‍ മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍ ഉള്‍പ്പെട്ടതിനെ വിവാദമാക്കി ബി.ജെ.പി.

സ്വാതന്ത്ര്യസമരസേനാനികളായ അശ്ഫുള്ള ഖാന്‍, ഭഗത് സിംഗ്, ബിര്‍സ മുണ്ട, റാണി ചേന്നമ്മ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് 70 ചിത്രങ്ങള്‍ വയ്ക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരേ ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്.

ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടുത്തുന്നതിനെതിരെ റജൗറി ഗാര്‍ഡനില്‍ നിന്നുള്ള ബി.ജെ.പി-എസ്.എ.ഡി.എല്‍ എം.എല്‍.എ ആയ മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് രംഗത്തെത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്താതെ ഡല്‍ഹിക്കോ അതിന്റെ ചരിത്രത്തിനോ ഒരു സംഭാവനയും ചെ്യ്യാത്ത വിവാദ നേതാവായ ഒരാളുടെ ചിത്രം നല്‍കുന്നു എന്ന ചോദ്യവുമായാണ് മഞ്ജിന്ദര്‍ സിംഗ് രംഗത്തെത്തിയത്.

അതേസമയം ബി.ജെ.പിക്ക് കടുത്ത മറുപടിയുമായി എ.എ.പി രംഗത്തെത്തി. സ്വാതന്ത്ര്യത്തിനായി പോരാടിയ ആരുടേയെങ്കിലും പേര് മുന്നോട്ട് വെക്കാന്‍ ആര്‍.എസ്.എസിനുണ്ടോയെന്ന് വെല്ലുവിളിച്ചാണ് എ.എ.പി രംഗത്തെത്തിയത്.

ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ആരെങ്കിലും സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് നിര്‍ദേശിക്കാനും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ലെന്നും എ.എ.പി എം.എല്‍.എ സൗരഭ് ഭര്‍ദ്വാജ് വ്യക്തമാക്കി.

സ്വാതന്ത്ര്യസമരത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആര്‍.എസ്.എസുകാരുടേയോ അല്ലെങ്കില്‍ ആര്‍.എസ്.എസ് അനുഭാവികളില്‍ നിന്നോ നാമനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു പേരും നല്‍കാന്‍ സാധിച്ചില്ലെന്നും, സൗരഭ് ഭരദ്വാജ് പറഞ്ഞു.

അതേസമയം, ബിജെപി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ കുറ്റപ്പെടുത്തി. ബി.ജെ.പി. നേതാക്കള്‍ എല്ലായ്‌പ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്താനാണ് ശ്രമിക്കുന്നത്. ‘ഇപ്പോള്‍ അവര്‍ ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തിലും വിവാദം ഉണ്ടാക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 144-ാം പേജില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം നല്‍കിയിട്ടുണ്ടെന്ന് അവര്‍ മനസിലാക്കണം. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപി വികസനത്തിന്റെ രാഷ്ട്രീയം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.