X

കരുത്തുകാട്ടാന്‍, ചരിത്രമാവര്‍ത്തിക്കാന്‍

അനീഷ് ചാലിയാര്‍

ജനാധിപത്യത്തിന് കാവലൊരുക്കണം, വികസനത്തിന് കരുത്താവണം ഞങ്ങളുടെ പ്രതിനിധികള്‍; ഇതൊന്ന് മാത്രമാണ് എന്നും മലപ്പുറം രാജ്യത്തോട് പറഞ്ഞിട്ടുള്ളത്. അതിന് പ്രാപ്തരായ രാഷ്ട്രതന്ത്രജ്ഞരെ മാത്രമാണ് എന്നും ഈ ജനത ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചിട്ടുള്ളതും. മലപ്പുറത്തിന്റെ ശബ്ദം മാത്രമായിരുന്നില്ല അവര്‍, രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേതുകൂടിയായിരുന്നു.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗം കൊടുമ്പിരികൊള്ളുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത് കേരള രാഷ്ട്രീയത്തിലെ സുല്‍ത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ്. 2017 ലെ അഞ്ച് ലക്ഷം വോട്ടെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതുകയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഈ തെരഞ്ഞെടുപ്പിലെ ദൗത്യം. ഇടതു പക്ഷത്തിന് വേണ്ടി വി.പി സാനുവും എന്‍.ഡി.എക്ക് വേണ്ടി വി. ഉണ്ണികൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്.
എം.പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, ഇ. അഹമ്മദിന്റെ സ്വപ്‌ന പദ്ധതികളുടെ തുടര്‍ച്ച, രാജ്യത്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തിപകര്‍ന്ന മുന്നേറ്റങ്ങള്‍ ഇതൊക്കെയാണ് കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കിയ ഐ.ടി മന്ത്രിയും വ്യാവസായിക വിപ്ലവത്തിന്റെ അമരക്കാനുമായ വ്യവസായ മന്ത്രിയുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും ജനവിധി തേടുമ്പോള്‍ ജനങ്ങളുമായി പങ്കുവെക്കാനുള്ളത്.
മലപ്പുറത്തെ ഫ്‌ളാഷ്‌മോബടക്കമുള്ള വിവാദ സമരങ്ങള്‍ മാത്രം എടുത്തുപറയാനുള്ള എസ്.എഫ്.ഐ നേതാവ് പ്രചാരണ രംഗത്ത് വിയര്‍ക്കുന്ന കാഴ്ചയാണ്. സംസ്ഥാനത്തെ കുത്തഴിഞ്ഞ ഭരണത്തിനെതിരെയുള്ള ജനവികാരമേറ്റുവാങ്ങിയുള്ള നെട്ടോട്ടമാണ് എല്‍.ഡി.എഫ് മത്സരാര്‍ഥിയുടെ പ്രചാരണം.
മലപ്പുറത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എടുത്ത് പറയത്തക്കതായി ഒന്നുമില്ലാത്ത എന്‍.ഡി.എ അധ്യാപക സംഘടനാ നേതാവിനെയാണ് ഇത്തവണ ബലിയാടാക്കിയിരിക്കുന്നത്. കോട്ടക്കല്‍ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതൊന്നുമാത്രമാണ് ഇയാളുടെ മുന്‍പരിചയം. പതിവ് പരാജയത്തിന്റെ ഭാണ്ഡം പേറുക മാത്രമായിരിക്കും ഈ തെരഞ്ഞെടുപ്പിലും രണ്ട് മുന്നണികളുടെയും നിയോഗം.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. 2009ലാണ് ഈ മണ്ഡലം രൂപീകൃതമായത്. ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും മുസ്്‌ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിംലീഗിന്റെ എം.എല്‍.എമാരാണ്. വോട്ടുശതമാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ എന്നും ഐക്യജനാധിപത്യ മുന്നണിക്കൊപ്പമാണ് ഈ മണ്ണും മനസ്സും.
2009 ല്‍ ഇ. അഹമ്മദ് 427940 വോട്ട് (54.64%) നേടിയാണ് വിജയിച്ചത്. ടി.കെ ഹംസയെ പരാജയപ്പെടുത്തിയത് 115597 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2014 ല്‍ ഇ. അഹമ്മദ് 437723 (51.29%) വോട്ടുനേടി. പി.കെ സൈനബയെ പരാജയപ്പെടുത്തിയത് 194739 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 515330 (55.10%) വോട്ട് നേടി. സി.പി.എമ്മിലെ എം.ബി ഫൈസലിനെ 171023 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരജായപ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ ഒരു ലോകസ്ഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ വോട്ടെന്ന നേട്ടമാണ് പി.കെ കുഞ്ഞാലിക്കുട്ടി ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. ഈ റെക്കോര്‍ഡ് തിരുത്തുകയെന്നതാണ് രണ്ടാമങ്കത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേരോട്ടമുള്ള മലപ്പുറത്ത് ഏറെ രാഷ്ട്രീയ പ്രബുദ്ധത പുലര്‍ത്തുന്ന വോട്ടര്‍മാരാണ്. ദേശീയ, സംസ്ഥാനതല രാഷ്ട്രീയവും വികസനവും തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെയും ചര്‍ച്ചാവിഷയം. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ദളിത് വേട്ടയും നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക സംവരണവും സംസ്ഥാന സര്‍ക്കാറിന്റെ വികസനമുരടിപ്പും ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയവും ചര്‍ച്ചയാവുമ്പോള്‍ യു.ഡി.എഫിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും ഏറ്റവും വലിയ ഭൂരിപക്ഷമെന്ന ലക്ഷ്യത്തിലേക്ക് 50 ദിവസത്തെ ദൂരംമാത്രം.

web desk 1: