കളമശേരി: കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ അജു വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി സിഐ എസ്. ജയകൃഷ്ണന്‍ അറിയിച്ചു. കളമശേരി സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തനിക്കെതിരെയുള്ള പരാതി റദ്ദാക്കുന്നതിന് അജു വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് നടനെ രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശേരി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് അജുവിനെതിരെ കേസെടുത്തത്.

കഴിഞ്ഞ ജൂലൈ 13ന് അജു വര്‍ഗീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. നടന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ചു നടന്‍ കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും വിഷയം പൊലീസ് കോടതിയിക്കു കൈമാറുകയായിരുന്നു.