Connect with us

Culture

കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്; സക്കറിയയ്ക്ക് മറുപടിയുമായി മനില സി.മോഹന്‍

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് തന്നെയാണ് കുറ്റവാളിയെന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്ന സാഹിത്യകാരന്‍ സക്കറിയയ്ക്ക് മറുപടിയുമായി വനിതാ മാധ്യമപ്രവര്‍ത്തകയും മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ കോപ്പി എഡിറ്ററുമായ മനില സി മോഹന്‍. ഗോവിന്ദച്ചാമി കുറ്റാരോപിതനായിരുന്നപ്പോള്‍ നമുക്കയാളുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാനം സൗമ്യയുടെ മനുഷ്യാവകാശമാണ് എന്ന് തീരുമാനമെടുക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ? കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്? അമീറുള്‍ ഇസ്ലാമിനെ കൂവിയ ആള്‍ക്കൂട്ടത്തിന്റെ ‘ഫാസിസ്റ്റ് മനശാസ്ത്ര’ ത്തോട് നമ്മള്‍ ഒരിക്കല്‍പ്പോലും മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ എന്നാണ് മനില ഫേസ്ബുക്കില്‍ കുറിച്ചിട്ട കുറിപ്പില്‍ ചോദിക്കുന്നത്.

‘ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കും വരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ധാര്‍മിക നിയമമാണന്ന് പറയുന്ന സക്കറിയയോട് അതേ കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ നിഷ്‌കളങ്കതാ സാധ്യതയെ താങ്കള്‍ കുറിപ്പില്‍ പരാമര്‍ശിക്കാതെ പോയതെന്തുകൊണ്ടാണ്? മനുഷ്യാവകാശങ്ങള്‍ക്ക് സിനിമാനടന്‍, െ്രെഡവര്‍ എന്ന വേര്‍തിരിവൊന്നും പാടില്ലല്ലോ എന്നും പറയുന്നുണ്ട് മനില. തെളിവെടുപ്പിന് കൊണ്ടുപോയിരുന്ന സരിതാ നായരുടെ മനുഷ്യാവകാശത്തെപ്പറ്റിയും അന്ന് ആകുലതകളില്ലായിരുന്നല്ലോ എന്നും ചോദിക്കുന്നു.

സിനിമാനടന്റെ മനുഷ്യാവകാശ സംരക്ഷണത്തിന് സെലിബ്രിറ്റികളുടെ ഒഴുക്ക് കാണാനുണ്ട്. സംഘടിത സംരക്ഷണ യജ്ഞം. താങ്കള്‍ ആ യജ്ഞത്തില്‍ പങ്കാളിയാണെന്ന് കരുതാന്‍ പ്രയാസമുണ്ട് എന്ന് പറഞ്ഞ്‌കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ബഹുമാനപ്പെട്ട സക്കറിയ സര്‍,
ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍ എന്ന വാചകത്തോടെ ആരംഭിച്ച താങ്കളുടെ കുറിപ്പ് വായിച്ചു. ഒന്ന് വ്യക്തമായി ഓര്‍മിപ്പിക്കട്ടെ ആ നടി അപമാനിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെടുകയാണ് ചെയ്തത്.

ആക്രമിക്കപ്പെടുന്ന സ്ത്രീ അപമാനിക്കപ്പെട്ടു എന്ന പൊതുബോധത്തില്‍ നിന്ന് താങ്കള്‍ പുറത്തു വരണം. നിഷ്പക്ഷത എന്നത് എത്രമാത്രം കപടവും വ്യാജവുമായ വാക്കും നിലപാടുമാണെന്ന ബോധ്യത്തെ ഉറപ്പിക്കുന്നുണ്ട് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന താങ്കളുടെ വാക്കുകള്‍. ‘ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കും വരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ധാര്‍മിക നിയമമാ’ണെന്നാണല്ലോ താങ്കള്‍ പറയുന്നത്? ശരി. എങ്കില്‍ അതേ കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ നിഷ്‌കളങ്കതാ സാധ്യതയെ താങ്കള്‍ കുറിപ്പില്‍ പരാമര്‍ശിക്കാതെ പോയതെന്തുകൊണ്ടാണ്? മനുഷ്യാവകാശങ്ങള്‍ക്ക് സിനിമാനടന്‍, െ്രെഡവര്‍ എന്ന വേര്‍തിരിവൊന്നും പാടില്ലല്ലോ?

അറസ്റ്റിലായ സൂപ്പര്‍ സ്റ്റാര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത തന്നെയാണ്. എന്തുകൊണ്ട് അതല്ലാതിരിക്കണം? അറസ്റ്റിലായ സഞ്ജയ് ദത്തും അറസ്റ്റിലായ സല്‍മാന്‍ ഖാനും അറസ്റ്റിലായ ജയലളിതയും വലിയ വാര്‍ത്തകള്‍ തന്നെയായിരുന്നല്ലോ?
അറസ്റ്റിലാവുമ്പോള്‍ മാത്രമല്ല, കല്യാണം കഴിക്കുമ്പോഴും കുട്ടിയുണ്ടാവുമ്പോഴും തുലാഭാരം നടത്തുമ്പോഴും വിഷുവും ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കുമ്പോഴും ഉത്ഘാടനം ചെയ്യുമ്പോഴും പുതിയ സിനിമയിറങ്ങുമ്പോഴും സംഘടനയുടെ ഭാരവാഹികളാവുമ്പോഴും സംഘടന പൊളിയുമ്പോഴും രാഷ്ട്രീയ അഭിപ്രായം പറയുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമ്പോഴും ചാരിറ്റി ചെയ്യുമ്പോഴുമൊക്കെ അത് വാര്‍ത്ത തന്നെയാണ്.

എഴുത്തുകാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ കിട്ടുന്നതിനേക്കാള്‍ പ്രാധാന്യം സിനിമാക്കാര്‍ക്ക് കിട്ടുന്നുണ്ട് ഇന്ത്യയില്‍. അത് സിനിമാക്കാരും നാട്ടുകാരും ഒരുപോലെ ആസ്വദിക്കുന്നുമുണ്ട്. അപ്പോള്‍ തോന്നാത്ത അസ്വാഭാവികത അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കിട്ടുന്ന വാര്‍ത്താപ്രാധാന്യത്തിനു മാത്രം തോന്നുന്നത് ഇരട്ടത്താപ്പല്ലേ? ഇപ്പോള്‍ കിട്ടുന്ന വാര്‍ത്താപ്രാധാന്യം സിനിമാ നടന്‍ എന്നതു മാത്രമല്ല. അയാള്‍ക്കു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ലൈംഗികാക്രമണത്തിന് ഗൂഢാലോചന നടത്തി എന്നതാണ്. ഗോവിന്ദച്ചാമി കുറ്റാരോപിതനായിരുന്നപ്പോള്‍ നമുക്കയാളുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാനം സൗമ്യയുടെ മനുഷ്യാവകാശമാണ് എന്ന് തീരുമാനമെടുക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ?

കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്? അമീറുള്‍ ഇസ്ലാമിനെ കൂവിയ ആള്‍ക്കൂട്ടത്തിന്റെ ‘ഫാസിസ്റ്റ് മനശാസ്ത്ര’ ത്തോട് നമ്മള്‍ ഒരിക്കല്‍പ്പോലും മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ? മറുവശത്ത്, തെളിവെടുപ്പിന് കൊണ്ടുപോയിരുന്ന സരിതാ നായരുടെ മനുഷ്യാവകാശത്തെപ്പറ്റി ആകുലതകളില്ലാതിരുന്നതിനെപ്പറ്റിയും സങ്കടത്തോടെ ഓര്‍ത്തു പോവുന്നു.
‘ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ‘…. താങ്കളുടെ വാചകമാണ്. നിലനിര്‍ത്തുന്നുണ്ടെങ്കില്‍ മറ്റൊന്നും തോന്നാനില്ല സാര്‍, നിലനിര്‍ത്തുക എന്നല്ലാതെ. സെലിബ്രിറ്റികളുടെ ഒഴുക്ക് കാണാനുണ്ട് സിനിമാനടന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്. സംഘടിത സംരക്ഷണ യജ്ഞം. താങ്കള്‍ ആ യജ്ഞത്തില്‍ പങ്കാളിയാണെന്ന് കരുതാന്‍ പ്രയാസമുണ്ട്.

 

Film

‘നിമ്രോദ്’ ടീസര്‍ ലോഞ്ച് ചെയ്തു

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു

Published

on

ദുബൈ: സിറ്റി ടാര്‍ഗറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മിച്ച് ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന ‘നിമ്രോദ്’ സിനിമയുടെ ടീസര്‍ ലോഞ്ച് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിക്കിടെ ദുബൈയില്‍ നടന്നു. ക്‌ളാരിഡ്ജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍ണമായും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാലു സ്ത്രീ കഥാപാത്രങ്ങളും പ്രധാന വേഷങ്ങളിലാണുള്ളത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു എന്നിവര്‍ നായികാ നിരയിലെ പ്രധാനികളാണ്. തിരക്കഥ കെ.എം പ്രതീഷ്. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കും. ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

Film

ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Published

on

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു

Continue Reading

Trending