തിരുവനന്തപുരം: നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയതെന്നും നടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അലന്‍സിയറിനു നേരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

സിനിമ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് സ്വത്വം വെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകളോടാണ് എനിക്ക് പറയാനുള്ളത്. അവള്‍ കടന്നുപോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും തുറന്നു പറയുമ്പോള്‍ നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ. ആ പ്രതിസന്ധി അതിജീവിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അവള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരുടേയും സഹോദരങ്ങളുടേയും അടുത്ത സുഹൃത്തുക്കളോട് പോലും തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യം അവള്‍ നേരിട്ടിട്ടുണ്ട്.

അലന്‍സിയറിന് മുന്നില്‍ ഒരിക്കലും കീഴ്‌പ്പെട്ടിട്ടില്ല എന്നും അഭിനയിക്കുന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന തൊഴിലെന്നും ദിവ്യ പറഞ്ഞു.