മുബൈ: കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ‘ശക്തിമാന്‍’ ഫെയിം മുകേഷ് ഖന്നയ്‌ക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുന്നു. ഫിലിമി ചര്‍ച്ചയ്ക്കായി നല്‍കിയ ഒരു അഭിമുഖത്തില്‍ ‘മീ ടു’മൂവ്‌മെന്റുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനകളാണ് വിവാദത്തിന് തിരികൊളുത്തിയത്. ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണ് കാരണം എന്ന തരത്തില്‍ താരം നടത്തിയ പരാമര്‍ശങ്ങളില്‍ കടുത്ത ഭാഷയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്.

സ്​ത്രീകൾ വീട്ടിലിരിക്കേണ്ടവരാണെന്നും പുറത്തിറങ്ങി ജോലിചെയ്യാൻ ആരംഭിച്ചതോടെയാണ്​ മീടു പ്രശ്​നങ്ങൾ ഉടലെടുത്തതുമെന്നുമായിരുന്നു, ഒരു തലമുറയെ മുഴുവൻ ആവേശത്തിലാക്കിയ ശക്തിമാൻ താരത്തി​െൻറ വാക്കുകൾ.

‘വീടി​െൻറ പരിപാലനമാണ്​ സ്​ത്രീകളുടെ ജോലി. സ്​ത്രീകൾ ജോലി ചെയ്യാൻ തുടങ്ങി​യതോടെ മീടു മൂവ്​മെൻറ്​ പ്രശ്​നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന്​ സ്ത്രീകൾ സംസാരിക്കുന്നതുതന്നെ പുരുഷൻമാരുടെ തോളോട്​ തോൾ ചേർന്ന്​ നടക്കുന്നത്​ സംബന്ധിച്ചാണ്​. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നു പ്രവർത്തിക്കുന്നു. പുരുഷൻ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുരുഷൻ പുരുഷനാണ്.. സ്ത്രീ സ്ത്രീയും’,പുറത്തുവന്ന വിഡിയോ ക്ലിപ്പിൽ മുകേഷ്​ ഖന്ന പറയുന്നു.

വിഡിയോ ക്ലിപ്പ്​ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയായിരുന്നു. കടുത്ത ഭാഷയിലാണ് മുകേഷിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. ഇയാളുടെ മനസ്ഥിതി ശരിയല്ലെന്നും സ്ത്രീകള്‍ ജോലിക്കായി പുറത്തിറങ്ങിയാൽ അതിനർഥം പുരുഷന്മാർക്ക് അവരെ ലൈംഗികമായി ഉപദ്രവിക്കാം എന്നാണോ? എന്നുമാണ് ചിലർ ചോദിക്കുന്നത്. കുട്ടിക്കാലത്ത്​ സൂപ്പർ ഹീറോയായി കണക്കാക്കിയ താരം നിരാശപ്പെടുത്തുന്നതായി പലരും അഭിപ്രായപ്പെട്ടു. മുകേഷ്​ ഖന്നയുടെ വാക്കുകൾ പ്രതിഷേധാർഹവും നിരാശപ്പെടുത്തുന്നതുമാണെന്നുമായിരുന്നു പ്രതികരണം.

ശക്തിമാൻ, ബി.ആർ.ചോപ്രയുടെ മഹാഭാരതിലെ ഭീഷ്മർ തുടങ്ങിയ റോളുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മുകേഷ് ഖന്ന.