ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലുകളില്‍ നടപടിയെടുക്കാന്‍ നിലവിലുള്ള നിയമം പര്യാപ്തമല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമ്മുടെ നിയമത്തില്‍ സാധ്യമല്ലെന്ന് അവര്‍ പറഞ്ഞു.

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കിയാലും പ്രതികളെ ശിക്ഷിക്കാനാകില്ല. നിയമങ്ങളില്‍ മാറ്റം വരുത്താതെ ഒന്നും ചെയ്യാനാകില്ലെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി സമിതി വേണമെന്ന് 2013 ലാണ് നിര്‍ബന്ധമാക്കിയത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം നിഷ്‌കര്‍ഷിച്ചതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി.

ഹോളിവുഡില്‍ നിന്നാണ് മീ ടൂ വെളിപ്പെടുത്തലുകളുടെ തുടക്കം. പിന്നീട് ബോളിവുഡിലും മാധ്യമപ്രവര്‍ത്തനമേഖലയിലും മീ ടൂ വെളിപ്പെടുത്തലുകളുണ്ടായി. മുന്‍ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബി.ജെ.പി നേതാവും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന എം.ജെ അക്ബറിന് മന്ത്രിപദം രാജിവെക്കേണ്ടി വന്നിരുന്നു.