kerala
ശബരിമല സ്വർണക്കടത്ത് കേസ്: ഇ.ഡി ഹരജി കൊല്ലം വിജിലൻസ് കോടതി 17ലേക്ക് മാറ്റി
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 17ലേക്ക് മാറ്റി. എതിർവാദം സമർപ്പിക്കാൻ പ്രത്യേക അന്വേഷണംസംഘം (എസ്.ഐ.ടി) സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ആവശ്യപ്പെട്ട രേഖകൾ നൽകാത്തത് നടപടി വൈകിപ്പിക്കാനാണെന്നാണ് ഇ.ഡിയുടെ നിലപാട്.
അതേസമയം, സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാറും എസ്.ഐ.ടിയും. തങ്ങളുടേതായ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മതി മറ്റൊരു ഏജൻസിയുടെ അന്വേഷണം എന്നതാണ് എസ്.ഐ.ടി നിലപാട്. ഇ.ഡി അന്വേഷണം നടത്തുകയാണെങ്കിൽ മറ്റു ഉന്നത വ്യക്തികളിലേക്കും കേസ് നീങ്ങും എന്നതിലാണ് സർക്കാറിന്റെ ആശങ്ക.
പിടിച്ചെടുത്ത രേഖകൾ, കേസിന്റെ എഫ്.ഐ.ആർ, അറസ്റ്റിലായവരുടെ മൊഴികൾ, റിമാൻഡ് റിപ്പോർട്ടുകൾ തുടങ്ങിയ തെളിവുകളുടെ സർട്ടിഫൈഡ് പകർപ്പിനായാണ് അപേക്ഷ നൽകിയതെന്ന് ഇ.ഡിയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് വ്യക്തമാക്കി. തങ്ങൾക്കു സ്വതന്ത്ര അന്വേഷണത്തിന് അധികാരമുണ്ടെങ്കിലും രേഖകൾ ലഭിച്ചാൽ നടപടി വേഗത്തിലാക്കാമെന്ന വിലയിരുത്തലിലാണ് കോടതിയെ സമീപിച്ചതെന്നാണ് സൂചന.
കേസിൽ ഐ.പി.സി 467ാം വകുപ്പ് ഉൾപ്പെട്ടതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇവ പരിശോധനക്ക് വിധേയമാക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉള്‍പ്പെടെയുള്ള ഉന്നതർ കേസിൽ പ്രതികളായിരിക്കുന്നതിനാൽ കുറ്റത്തിൽനിന്ന് ലഭിച്ച തുക (പ്രോസീഡ്സ് ഓഫ് ക്രൈം) കണക്കാക്കുകയും കണ്ടുകെട്ടുകയും ചെയ്യാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും ലഭിക്കുന്ന രേഖകൾ മാധ്യമങ്ങൾക്ക് നൽകുകയോ മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യില്ലെന്നും കൊച്ചി സോണൽ ഓഫിസ് അസി. ഡയറക്ടർ ആഷു ഗൊയലിന്റെ അപേക്ഷ വ്യക്തമാക്കുന്നു.
crime
അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു
പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്
കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.
ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
kerala
‘പുരസ്‌കാരം സ്വീകരിച്ചിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്’; സവര്‍ക്കര്‍ പുരസ്‌കാരത്തില്‍ വ്യക്തത വരുത്തി ശശി തരൂര്‍
ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നും ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.
‘എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല’, ശശി തരൂര്‍ പറഞ്ഞു.
പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്‍കുന്ന ‘വീര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ ഞാന്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡല്‍ഹിയില്‍ ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala1 day ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala22 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala23 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india1 day agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

