ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുമ്പുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ജോജു ജോർജിന്റെ ‘പീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. 48 വയസ്സായിരുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൊറിഞ്ചുമറിയം ജോസ്, കമ്മട്ടിപ്പാടം, ആഭാസം, പരോൾ, കിസ്മത്ത്, പാവാട തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെയാണ് അനിൽ നെടുമങ്ങാട് അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

ജോജു ജോർജിനെ നായകനാക്കി സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. ദിവസങ്ങൾക്കു മുമ്പാണ് അനിൽ ലൊക്കേഷനിൽ ജോയിൻ ചെയ്തത്.

ക്രിസ്മസ് പ്രമാണിച്ച് ഷൂട്ടിങ്ങിന് അവധിയായതിനാൽ അനിലും സുഹൃത്തുക്കളും ഡാമിൽ കുളിക്കാനിറങ്ങുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് മുട്ടം പൊലീസാണ് അനിലിനെ തൊടുപുഴ സെന്റ് മേരീസ് ആസ്പത്രിയിലെത്തിച്ചത്.