മുംബൈ: ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കന്‍വര്‍പാല്‍ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

സംവിധായകനായ വിക്രം ഭട്ടാണ് മരണവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആര്‍മിയില്‍നിന്ന് വിരമിച്ച അദ്ദേഹം ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനപ്രിയനാകുകയായിരുന്നു. വെബ്‌സീരീസുകളിലും അഭിനയിച്ചിരുന്നു.

2003 മുതലാണ് അഭിനയ രംഗത്തേക്ക് അദ്ദേഹം ചുവടുമാറ്റിയത്. പിന്നീട് പേജ് 3, കോര്‍പറേറ്റ്, റോക്കറ്റ് സിങ്: സെയില്‍സ്മാന്‍ ഓഫ് ദ ഇയര്‍, ആരക്ഷന്‍, മര്‍ഡര്‍ 2, ജബ് തക് ഹേ ജാന്‍, ചാന്‍സ് പേ ഡാന്‍സ്, ടു സ്‌റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.