തൃശൂര്‍: സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ നടന്‍ ദേവ് മോഹന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ബാംഗളൂരുവില്‍ ജോലി ചെയ്യുകയാണ് റജീന.

കുടുംബത്തില്‍ ഒരു മരണമുണ്ടായതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് പറഞ്ഞു. പത്തുവര്‍ഷമായി ദേവും റജീനയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടെയും പൂര്‍ണസമ്മതത്തോടെയും ആശീര്‍വാദത്തോടെയുമായിരുന്നു വിവാഹമെന്നും ദേവ് പറഞ്ഞു. നേരത്തെ റജീനയെ പരിചയപ്പെടുത്തി ദേവ് മോഹന്‍ രംഗത്തെത്തിയിരുന്നു. വിവാഹം ഉടനുണ്ടാകുമെന്നും വിവരമുണ്ടായിരുന്നു.

‘നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന് നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട് എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍..’പ്രണയിയെ പരിചയപ്പെടുത്തി ദേവ് മോഹന്‍ കുറിച്ചതിങ്ങനെയാണ്.

എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്‍ക്കാന്‍ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍.. പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്‍. ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്‌നേഹവും കരുതലുംദേവ് കുറിച്ചു.