ചെന്നൈ: ബാങ്ക് വായ്പ്പയായ അഞ്ചുകോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനുവെച്ചത്. ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവുമാണ് ലേലം ചെയ്യുന്നതെന്ന് ബാങ്കിന്റെ നോട്ടീസില്‍ പറയുന്നത്. കോളജില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് എടുത്ത ബാങ്ക് വായ്പ്പയായ അഞ്ച് കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണു ജപ്തി നടപടി.

5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി. സേവന പദ്ധതിയായി 20 വര്‍ഷം മുന്‍പാണു വിജയകാന്ത് കോളജ് തുടങ്ങിയത്. ആണ്ടാള്‍ അളഗര്‍ എജ്യുക്കേഷനല്‍ ട്രസ്റ്റാണു കോളജ് നടത്തുന്നത്.