ബാംഗളൂരു: അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്‌ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനെ കൈകളില്‍ കോരിയെടുത്ത സര്‍ജയുടെ അനുജന്‍ ധ്രുവിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഈ സന്തോഷവാര്‍ത്തക്ക് നിരവധി ആരാധകരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. വലിയ ആഘോഷമായാണ് കഴിഞ്ഞ ദിവസം മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്.

ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ മരണമടയുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോഗം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ആ സമയം മേഘ്‌ന. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുമ്പോഴാണ് സര്‍ജയുടെ വേര്‍പാട്.