kerala

എഡിഎം നവീന്‍ബാബുവിന്റെ മരണം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

By webdesk17

November 26, 2024

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബം. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്ത്തരല്ലെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം ആരോപിച്ചു. സിപിഎം നേതാവ് പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാകുമെന്ന് കരുതാനാകില്ല. പ്രതിയായ സിപിഎം നേതാവിന് ഭരണതലത്തില്‍ അടക്കം വലിയ സ്വാധീനമുണ്ട്. അതിനാല്‍ കേരളത്തിന് പുറത്തുള്ള കേന്ദ്ര ഏജന്‍സി അന്വേഷിച്ച് നീതി നല്‍കണമെന്നാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

പൊലീസ് അന്വേഷണത്തില്‍ കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് കുടുംബം ഹര്‍ജിയില്‍ പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമുണ്ടായി. സാക്ഷി മൊഴികള്‍ ക്രോഡീകരിക്കുന്നതില്‍ അടക്കം വീഴ്ച്ച സംഭവിച്ചു. അന്വേഷണത്തില്‍ വിവിധ തലങ്ങളില്‍ ഉന്നത ഇടപെടലുകളുണ്ടായിട്ടുണ്ട്. കേസിലെ പ്രതിക്ക് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായും പൊലീസുമായും ബന്ധമുള്ളവരാണെന്നും കുടുംബം ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ദിവസം തന്നെ ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന

പൊലീസിന്റെ തെളിവുശേഖരണത്തില്‍ തൃപ്തിയില്ലെന്ന് നേരത്തെ നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത വ്യക്തമാക്കിയിരുന്നു. ജില്ലാ കലക്ടറും പ്രതിയും ഉപയോഗിച്ചു വന്നതായ ഒന്നിലധികം ഫോണ്‍നമ്പറുകള്‍ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ റിപ്പോര്‍ട്ടില്‍ അതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല. കൂടാതെ പ്രശാന്തിന്റെ കോള്‍ റെക്കോര്‍ഡ്സും സിഡിആറും എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശാന്തിന്റെ നമ്പര്‍ സംബന്ധിച്ച യാതൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിയുന്നതോടെ ഈ തെളിവുകളെല്ലാം നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞു.

തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തലശേരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഹര്‍ജിയില്‍ ഡിസംബര്‍ മൂന്നിന് കോടതി വിധി പറയും.നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ നടപടി കൈകൊണ്ടിട്ടില്ല. പെട്രോള്‍ പമ്പിന് അനുമതി വൈകിച്ചു എന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി വേണമെന്ന കുറിപ്പോടെ നവംബര്‍ ഒന്നിനാണ് റവന്യൂമന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. നവീന്‍ബാബു അഴിമതിക്കാരനല്ലെന്ന് റവന്യൂമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്നു പറഞ്ഞ പ്രശാന്തനെതിരെ സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാര്‍ നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അതിശക്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞിരുന്നു.