വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ നാഷണല്‍ ജിയോഗ്രഫിക് മാസിക ഒരു ലക്കം പുറത്തിറങ്ങിയത് സാധാരണ മലയാളിയുടെ ഒരു ദിനം ആരംഭിക്കുന്ന ചിത്രത്തോടെയായിരുന്നു. കാലത്ത് നാട്ടുമ്പുറത്തെ ചായക്കടയില്‍ ചായകുടിയോടൊപ്പം പത്രം വായിച്ചുകൊണ്ടിരിക്കുന്ന കേരളീയന്റെ ചിത്രം. തുടര്‍ന്ന് കവര്‍‌സ്റ്റോറിയില്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത് ഈ കാഴ്ച ഇന്ത്യയില്‍ മറ്റിടങ്ങളില്‍ അപൂര്‍വമെന്നാണ്.

മലയാളിക്ക് വായന ജീവിത ചര്യയാണ്. എന്തെങ്കിലും വായിക്കാതെ ഒരു ദിവസവും കടന്ന് പോകില്ല. വായനയുടെയും അക്ഷരങ്ങളുടെയും വിസ്മയ ലോകത്തേക്ക് മലയാളിയെ കൈപിടിച്ച് കൊണ്ടുപോയി ജീവിതം തന്നെ ഇതിനായി സമര്‍പ്പിച്ച പി. എന്‍ പണിക്കരുടെ ചരമ ദിനമാണ് 1997മുതല്‍ സംസ്ഥാന തലത്തിലും 2017മുതല്‍ ദേശീയ തലത്തിലും വായന ദിനമായി ആചരിച്ചു വരുന്നത്. വായനശാലകളും ഗ്രന്ഥാലയങ്ങളും ചുരുക്കം മാത്രം ഉള്ള ഒരിടത്തുനിന്ന് കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക മുന്നേറ്റമായി ഗ്രന്‍ഥശാല പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടുവന്നത് അതിന്റെ പിതാവ് എന്നറിയപ്പെടുന്ന പുതുവായില്‍ നാരായണപണിക്കര്‍ എന്ന വലിയ മനുഷ്യനാണ്.

1926ല്‍ ജന്മനാട്ടില്‍ സനാതന ധര്‍മം എന്ന വായനശാല സ്ഥാപിച്ചാണ് വായനയെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി പണിക്കര്‍ രംഗത്ത്‌വരുന്നത്. നാട്ടിലെ വീടുകള്‍ തോറും കയറി ഇറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ചു അതൊരു ഗ്രന്ഥാലയമാക്കുകയായിരുന്നു. വര്‍ത്തമാന പത്രങ്ങള്‍പോലും ചുരുക്കമായിരുന്ന അക്കാലത്ത് ജനങ്ങള്‍ക്ക് വലിയ ആശ്രയമായിരുന്നു സനാതനധര്‍മം.ലഭ്യമായ രേഖകള്‍ പ്രകാരം കേരളത്തിലെ ആദ്യ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി ആയിരുന്നു. ഇതാണ് ഇപ്പോഴത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. ഇത് 1835ന് മുമ്പേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ സംഘാടകരെപ്പറ്റിയോ പ്രവര്‍ത്തകരെപ്പറ്റിയോ രേഖകള്‍ ഒന്നും ഇല്ല എന്നാണറിവ്. എറണാകുളം പബ്ലിക് ലൈബ്രറി 1861 ലും തൃശൂര്‍ പബ്ലിക് ലൈബ്രറി 1873 ലും കോട്ടയം പബ്ലിക് ലൈബ്രറി 1882 ലും സ്ഥാപിക്കപ്പെട്ടു. തലശ്ശേരിയില്‍ 1901 ലും കോഴിക്കോട് 1924 ലും കണ്ണൂര്‍ 1927 ലും ലൈബ്രറികള്‍ നിലവില്‍വന്നു.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രവിശ്യകളില്‍ അങ്ങിങ് ഉണ്ടായിരുന്ന ലൈബ്രറികള്‍ തമ്മില്‍ ഏകോപനമോ മറ്റോ ഉണ്ടായിരുന്നില്ല. 1945 സെപ്തംബര്‍ 14ന് വിവിധ ഗ്രന്ഥാലയങ്ങളുടെ പ്രതിനിധികള്‍ അമ്പലപ്പുഴയിലെ പി.കെ മെമ്മോറിയല്‍ ലൈബ്രറിയില്‍ പി.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ ഒത്ത്‌ചേര്‍ന്ന് ട്രാവന്‍കൂര്‍ ലൈബ്രറി അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. നാ്യുത്തിയേഴ് ലൈബ്രറികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രവേശനഫീസ് അഞ്ച് രൂപയായി നിശ്ചയിച്ചു. അന്ന് സ്വന്തമായൊരു ആസ്ഥാനമോ സംഘടിത പ്രവര്‍ത്തന പരിപാടികളോ ഒന്നുമില്ലായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി പി.എന്‍ പണിക്കര്‍ ആയിരുന്നു. മുപ്പത്തിരണ്ട് വര്‍ഷം 1977വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു.

അക്കാലത്ത് ലൈബ്രറികള്‍ക്ക് യാതൊരു സഹായവും സര്‍ക്കാരില്‍നിന്ന് ഇല്ലായിരുന്നു. പണിക്കരുടെ നേതൃത്വത്തില്‍ അന്നത്തെ ദിവാനെ കണ്ട് നിവേദനം സമര്‍പ്പിക്കുകയും തല്‍ഫലമായി ഗവണ്മെന്റ് ചില സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ഓര്‍ഗനൈസര്‍മാരെ നിയമിക്കാനും അധ്യാപകനായ പണിക്കരുടെ സേവനം ഇതിനായി വിട്ട്‌കൊടുക്കാനും സര്‍ക്കാര്‍ തയ്യാറായി.

ഇതേസമയം തന്നെ മലബാറിലെയും കൊച്ചിയിലെയും ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനവും തുരുവിതാംകൂര്‍ ഗ്രന്ഥശാല അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി. 1948 ന് മുമ്പ് വരെ ലൈബ്രറികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് ചുമതല പെടുത്തിയത്. അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗ്രാന്റുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ 1948ല്‍ ഇതിനായി കമ്മിറ്റി വെക്കുകയും അവരുടെ ശിപാര്‍ശയില്‍ ഗ്രാന്റ് അനുവദിക്കുന്ന സംവിധാനം വരികയും ചെയ്തു. 1977 മാര്‍ച്ച് 16ന് പുറപ്പെടുവിച്ച ഓര്‍ഡര്‍ പ്രകാരം ഗ്രന്ഥശാല സംഘത്തിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് പതിമൂന്ന് വര്‍ഷം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഭരണ ചുമതല നിര്‍വഹിച്ചുപോന്നു.

മുഴുവന്‍ ഗ്രന്ഥശാലകള്‍ക്കും ജനാധിപത്യരീതിയിലുള്ള ഭരണക്രമം വേണമെന്നത് പി.എന്‍ പണിക്കരുടെ നിരന്തര ആവശ്യമായിരുന്നു. 1989 ല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആക്റ്റ് നിലവില്‍വന്നു. തിരുവിതാംകൂര്‍ ഗ്രന്ഥശാല അസോസിയേഷന്റെ രജിസ്‌ട്രേഷന്‍ ട്രാവന്‍കൂര്‍ കമ്പനി നിയമപ്രകാരം ആയതിനാല്‍ ജനാധിപത്യ രീതിയിലുള്ള ഭരണ സംവിധാനം കൊണ്ട്‌വരാന്‍ തടസമുള്ളത്‌കൊണ്ട് അതിനുള്ള പരിഹാരമായാണ് കേരള സംസ്ഥാന ലൈബ്രറിനിയമം പാസാക്കിയത്.

1991ല്‍ ഇ.ടി മുഹമ്മദ്ബഷീര്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് ഗ്രന്ഥശാല സംഘത്തിന്റെ ഫുള്‍ടൈം മെമ്പറായി എം.ഐ തങ്ങളെ നിയമിച്ചു. 1989 ല്‍ നിലവില്‍വന്ന നിയമം വഴി താഴെ തട്ടിലുള്ള ഗ്രന്ഥശാല മുതല്‍ സംസ്ഥാന തലം വരെ ജനാധിപത്യരീതിയില്‍ ഭരണ സംവിധാനം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് എം.ഐ തങ്ങളുടെ സമയത്താണ്. അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളില്‍ നിന്ന് തിരഞ്ഞെടുത്തയക്കുന്ന പ്രതിനിനിധികള്‍ ചേര്‍ന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിലും അവിടുന്ന് തിരഞ്ഞെടുത്തയക്കുന്നവര്‍ ചേര്‍ന്ന് ജില്ലാ കൗണ്‍സിലും തിരഞ്ഞെടുക്കുന്നു. തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും ജില്ലാ പ്രതിനിധികള്‍ തിരഞ്ഞെടുക്കുന്നു. അലകും പിടിയും ഇല്ലായിരുന്ന ഗ്രന്ഥശാല സംഘത്തിന് കരുത്തുറ്റ ജനാധിപത്യ സംവിധാനത്തിലേക്ക് എത്തിച്ചതില്‍ ഇ.ടിയുടെയും എം.ഐ തങ്ങളുടെയും പങ്ക് വളരെ വലുതാണ്.

വായനയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി ‘വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യമുയര്‍ത്തി 1970 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാല ഉണ്ടാവുക എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. അതിന്റെ പൂര്‍ത്തീകരണത്തിനാണ് ഈ അതുല്യ പ്രതിഭ യത്‌നിച്ചത്.