കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. സുനിയെ അഭിഭാഷകനു പരിചയപ്പെടുത്തിയത് നടന്‍ ദിലീപാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അതേസമയം, സുനിയുമായി ദിലീപ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി സൂചന. ജയിലില്‍ നിന്ന് സുനി കത്തയച്ചതിനു പിന്നാലെയാണ് ദിലീപ് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയത്. എന്നാല്‍ വിഷ്ണുവടക്കം സഹതടവുകാര്‍ ഇക്കാര്യം അറിഞ്ഞതോടെ നീക്കം പാളി. തുടര്‍ന്നാണ് ബ്ലാക്‌മെയിലിങ് പരാതിയുമായി ദിലീപ് രംഗത്തുവന്നത്.

appunni3-7-2017-1-jpg-image-470-246
അതിനിടെ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയി. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെയാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാള്‍ മുങ്ങിയത്. അപ്പുണ്ണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അപ്പുണ്ണി ഹാജരായിട്ടില്ല. ഇയാളുടെ കൈവശമുള്ള അഞ്ച് ഫോണ്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തതായാണ് വിവരം. കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. പള്‍സര്‍ സുനി അപ്പുണ്ണിയെ നേരിട്ട് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.