ലണ്ടന്‍: അഫ്ഗാനിസ്താന്‍, അയര്‍ലാന്റ് ക്രിക്കറ്റ് ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്‍കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തീരുമാനം. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നു. അയര്‍ലാന്റ് 2005-ലും അഫ്ഗാന്‍ 2009-ലും ഏകദിന യോഗ്യത നേടിയിരുന്നു.

പൂര്‍ണ അംഗങ്ങളാക്കി തങ്ങളെ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അഫ്ഗാന്‍, അയര്‍ലാന്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐ.സി.സിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികവ് തെളിയിക്കുന്ന കണക്കുകളും ഇതോടൊപ്പമുണ്ടായിരുന്നു. ഇവ പരിശോധിക്കതിനു ശേഷം ജനറല്‍ ബോഡിയില്‍ നടന്ന വോട്ടെടുപ്പില്‍ ഐകകണ്‌ഠ്യേനയാണ് ഇവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്.

21-ാം നൂറ്റാണ്ടില്‍ ഇതാദ്യമായാണ് ഐ.സി.സി അന്താരാഷ്ട്ര ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്‍കുന്നത്. അവസാനമായി ഈ പദവി നേടിയത് 2000-ല്‍ ബംഗ്ലാദേശ് ആണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്റ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, സിംബാബ്വെ എന്നിവയാണ് ടെസ്റ്റ് പദവിയുള്ള മറ്റ് രാജ്യങ്ങള്‍.

സമീപകാലത്ത് പരിമിത ഓവര്‍ മത്സരങ്ങളില്‍ പുലര്‍ത്തുന്ന മികവാണ് അഫ്ഗാനും അയര്‍ലാന്റിനും തുണയായത്. ഈയിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ അഫ്ഗാന്റെ മകിവ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.