കാബൂള്‍: പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. 19 ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനില്‍ വ്യോമാക്രമണം:  19 ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ഇന്നലെ രാത്രിയോടെയാണ് കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഡന്‍ഗാം ജില്ലയില്‍ സഖ്യസേന വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ലഷ്‌കര്‍ ഭീകരരുടെ ഒരു ബി.എം- 1 റോക്കറ്റ് ലോഞ്ചറും ഒരു മെഷീന്‍ ഗണും തകര്‍ത്തതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പാക്-അഫ്ഗാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് ഭീകര ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നുണ്ടെന്ന വിവരങ്ങളെതുടര്‍ന്നാണ് യാതൊരു സൂചനകളും നല്‍കാതെ സഖ്യസേന വ്യോമാക്രമണം നടത്തിയത്. അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് പാക് ഭീകര സംഘടനകള്‍ തങ്ങളുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായി അഫ്ഗാന്‍ ഭരണകൂടം അടുത്തിടെ ആരോപിച്ചിരുന്നു.