X

കിവീസിന് മുന്നില്‍ തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍

ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ നിലം പരിശാക്കി ന്യുസിലന്‍ഡിന് നാലാം ജയം. 149 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കിവികള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യുസിലന്‍ഡ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ പോലും ന്യുസിലന്‍ഡിന് വെല്ലുവിളി ആയില്ല. 34.4 ഓവറില്‍ വെറും 139 റണ്‍സില്‍ അഫ്ഗാനിസ്ഥാന്റെ പോരാട്ടം അവസാനിച്ചു.

ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ കിവീസിനെ ബാറ്റിങ്ങിനയച്ചു. ഡെവോണ്‍ കോണ്‍വേ 20, വില്‍ യങ്ങ് 54, രച്ചിന്‍ രവീന്ദ്ര 32, ഡാരല്‍ മിച്ചല്‍ ഒന്ന് എന്നിവര്‍ മടങ്ങുമ്പോള്‍ ന്യുസിലന്‍ഡ് നേടിയത് 4 വിക്കറ്റിന് 110 റണ്‍സ് മാത്രം. അഞ്ചാം വിക്കറ്റില്‍ ടോം ലതാമും ഗ്ലെന്‍ ഫിലിപ്‌സും ഒന്നിച്ചതോടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുനീങ്ങി. ഇരുവരെയും പുറത്താക്കാന്‍ ലഭിച്ച അവസരങ്ങള്‍ അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി.

48ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താകുമ്പോള്‍ കിവീസ് സ്‌കോര്‍ 254ല്‍ എത്തിയിരുന്നു. 80 പന്തില്‍ 4 വീതം ഫോറും സിക്‌സും സഹിതം ഫിലിപ്‌സ് 71 റണ്‍സെടുത്തു. ടോം ലതാം 74 പന്തില്‍ 68 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ മാര്‍ക് ചാപ്മാന്‍ പുറത്താകാതെ പൊരുതി നേടിയ 25 റണ്‍സ് കൂടിയായതോടെ കിവീസ് ഭേദപ്പെട്ട സ്‌കോറിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിരുപാധികം കീഴടങ്ങി. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനോട് കളിച്ച അഫ്ഗാന്റെ നിഴല്‍ മാത്രമായിരുന്നു ഇന്ന് കളത്തില്‍ കണ്ടത്. അഫ്ഗാന്‍ ഓപ്പണര്‍മാരെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. മിച്ചല്‍ സാന്ററും ലോക്കി ഫെര്‍ഗൂസനും 3 വീതം വിക്കറ്റുകള്‍ പങ്കിട്ടു. ഓരോ വിക്കറ്റുകള്‍ വീഴ്ത്തി രച്ചിന്‍ രവീന്ദ്രയും മാറ്റ് ഹെന്റിയും പട്ടിക പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ നാലാം വിജയത്തോടെ ന്യുസിലന്‍ഡ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

webdesk13: