X

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിൽ പൊട്ടിത്തെറി; മത്സരിക്കാനില്ലെന്ന് സ്ഥാനാർഥികൾ

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയില്‍ പൊട്ടിത്തെറി. 2 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു.

വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാര്‍ഥിയുമായ രഞ്ജന്‍ബെന്‍ ഭട്ട്, സബര്‍ക്കന്ധയിലെ സ്ഥാനാര്‍ഥി ഭിക്കാജി താക്കൂര്‍ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. മൂന്നാംതവണയും ബി.ജെ.പി സീറ്റ് നല്‍കിയ രഞ്ജന്‍ബെന്‍ ഭട്ട് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുന്നുവെന്നാണ് അറിയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ തീരുമാനം ഇവര്‍ പ്രഖ്യാപിച്ചത്. രഞ്ജന്‍ബെന്‍ ഭട്ടിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ രൂക്ഷ വിമര്‍ശനവുമായി മഹിള മോര്‍ച്ച മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ജ്യോതി പാണ്ഡ്യ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം വ്യക്തമാക്കുന്നതായിരുന്നു ഇത്. രഞ്ജന്‍ബെന്‍ ഭട്ട് പിന്മാറിയതിന് പിന്നാലെ ജ്യോതി പാണ്ഡ്യയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

’10 ദിവസമായി അവഹേളനം സഹിക്കുന്നു. ഒരു പെട്ടിക്കട പോലുമില്ലാത്ത മകന്‍ ഷോപ്പിങ് മാള്‍ ഉടമയാണെന്നുവരെ പ്രചാരണമുണ്ടായി. കേന്ദ്രനേതൃത്വം മൂന്നാമതും സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷമുണ്ട്. പക്ഷേ, പാര്‍ട്ടിക്ക് ധാരാളം പ്രവര്‍ത്തകരുണ്ട്. അവരിലാര്‍ക്കെങ്കിലും സ്ഥാനം നല്‍കട്ടെ’ -രഞ്ജന്‍ബെന്‍ ഭട്ട് പറഞ്ഞു.

ഭട്ടിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് സബര്‍ക്കന്ധയിലെ സ്ഥാനാര്‍ഥി ഭിക്കാജി താക്കൂറും പിന്മാറ്റം പ്രഖ്യാപിച്ചത്. രണ്ടുതവണയായി ഇവിടെ വിജയിച്ചിരുന്ന ദീപ് സിങ് താക്കൂറിനെ മാറ്റിയാണ് ഭിക്കാജിക്ക് ടിക്കറ്റ് നല്‍കിയത്. മുന്‍ വി.എച്ച്.പി. നേതാവായ ഭിക്കാജി പാര്‍ട്ടിയുടെ ആരവല്ലി ജില്ല ജനറല്‍ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് സീറ്റ് നല്‍കിയതില്‍ അതൃപ്തരായവര്‍ ജാതിയെച്ചൊല്ലി വിവാദമുയര്‍ത്തിയിരുന്നു. ഇതാണ് ഭിക്കാജി താക്കൂറിന്റെ പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.

webdesk13: