X

നിറഞ്ഞൊഴുകിയ വേസ്റ്റ് ബിന്നുകൾ, തുപ്പൽപുരണ്ട ചുമരുകൾ; രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ വൃത്തിഹീനമായി അയോധ്യ റെയിൽവെ സ്റ്റേഷൻ

അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച് 2 മാസം പിന്നിടുമ്പോഴേക്കും മാലിന്യക്കൂമ്പാരം. വിമാനത്താവളത്തിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയായിരുന്നു സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പ്ലാറ്റ്‌ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്റെയും ചുമരിലാകെ മുറുക്കി തുപ്പിയതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതിന് പിന്നാലെ സ്റ്റേഷന്‍ അടിയന്തരമായി വൃത്തിയാക്കുന്നതിന്റെ വീഡിയോ നോര്‍ത്തേണ്‍ റെയില്‍വേ പങ്കുവെക്കുന്നതിനോടൊപ്പം ശുചീകരണ കരാറുകാരന് അരലക്ഷം രൂപയും റെയില്‍വേ പിഴ ചുമത്തി.

റിയാലിറ്റി പില്ലര്‍ എന്ന എക്‌സ് അകൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നത്. നിറഞ്ഞൊഴുകുന്ന മാലിന്യകൊട്ട, വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍ തുടങ്ങി സ്റ്റേഷന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ് വീഡിയോ. സ്റ്റേഷന്റെ പുറത്തും അകത്തുമായി ചിത്രീകരിച്ച വീഡിയോക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്.

വീഡിയോ പകര്‍ത്തുന്നതിനോടൊപ്പം പരിസരമാകെ ദുര്‍ഗന്ധമാണെന്നും വീഡിയോഗ്രാഫര്‍ പറയുന്നുണ്ട്. സ്റ്റേഷന് മുന്നിലുള്ള റോഡിന്റെ വിവിധ ഭാഗങ്ങള്‍ വൃത്തിയാക്കിയതിന്റെ ഭാഗമായി മാലിന്യം കൂട്ടിയിട്ടതായും വിശ്രമമുറിയുടെ മോശം അവസ്ഥയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 30 ലക്ഷത്തിലേറെ ആളുകള്‍ കണ്ട വീഡിയോ മാര്‍ച്ച് 21നാണ് പങ്കുവെച്ചത്.

കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധയില്ലെന്നും ബുള്ളറ്റ് ട്രെയിനിന് പിന്നാലെയാണെന്നുമെല്ലാം കമന്റ് ബോക്‌സില്‍ വിമര്‍ശനം ഉയരുന്നുണ്ട്. 2023 ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സ്റ്റേഷന്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നവീകരിച്ചത്. അയോധ്യ ജംഗ്ഷന്‍ എന്ന പേര് അയോധ്യ ധാം എന്നാക്കി മാറ്റിയതും അന്നായിരുന്നു.

webdesk13: