X

വീണ്ടും അട്ടിമറി വിജയം; ജര്‍മനിക്കെതിരെ രണ്ട് ഗോള്‍ തൊടുത്ത് ജപ്പാന്‍ വിജയം

ദോഹ: നാലുതവണ ലോകകപ്പ് ജേതാക്കളായ ജര്‍മനിക്കെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് ജപ്പാന്‍. ഗ്രൂപ്പ് ഇയിലെ ആദ്യ പോരില്‍ പ്രതിരോധിച്ച് കളിച്ച ജപ്പാനെതിരെ ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ ജര്‍മനി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ജപ്പാന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. ഫിനിഷിങ്ങിലെ പിഴവാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്. 26 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും പെനാല്‍റ്റിയല്ലാതെ ഒന്നും വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല. 74 ശതമാനവും ജര്‍മനിയുടെ കൈവശമായിരുന്നു ബാള്‍. എന്നിട്ടും ജപ്പാന് മുന്നില്‍ ജര്‍മനിക്ക് മുട്ടുമടക്കേണ്ടി വന്നു. 31ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗുണ്ടോഗന്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍ 75ാം മിനിറ്റില്‍ റിറ്റ്‌സു ദോനും 83ാം മിനിറ്റില്‍ തകുമ അസാനൊയും ജര്‍മന്‍ വലയില്‍ പന്തെക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ജര്‍മനിയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ തുടക്കത്തില്‍ ജപ്പാന്‍ പൂര്‍ണമായും പ്രതിരോധത്തിലൊതുങ്ങി. ഒടുവില്‍ 31ാം മിനിറ്റില്‍ പെനാല്‍റ്റിക്ക് വേണ്ടി റഫറി വിസിലൂതി. ഗുണ്ടോഗന്‍ അനായാസം പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിലും ജര്‍മന്‍ ആക്രമണം തുടര്‍ന്നു. എങ്കിലും 75ാം മിനിറ്റില്‍ ന്യൂയര്‍ തട്ടിത്തെറിപ്പിച്ച ബാള്‍ വലയിലെത്തിച്ച് റിറ്റ്‌സു ദോന്‍ ജപ്പാനെ സമനിലയിലെത്തിക്കുകയായിരുന്നു. 83ാം മിനിറ്റില്‍ തകുമ അസാനൊയും മാവുവല്‍ ന്യൂയറെ കീഴടക്കിയതോടെ ജര്‍മനി പരാജയത്തിന്റെ മുഖത്തെത്തി. തിരിച്ചടിക്കാനുള്ള ജര്‍മന്‍ ശ്രമങ്ങളെല്ലാം ജപ്പാന്‍ കിണഞ്ഞ് പ്രതിരോധിച്ചു. ഒടുവില്‍ വിജയം കൈപ്പടയിലൊതുക്കി ജപ്പാന്‍ ഉച്ചത്തില്‍ ആരവം മുഴക്കി.

web desk 3: