സി.വി.എം. വാണിമേല്‍

കാക്കിക്കുള്ളിലെ വേട്ടക്കാരെ നാദാപുരത്തുകാര്‍ നേരത്തെ കേരളത്തിന് പരിചയപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത നീതിനിഷേധവുമായി നാദാപുരത്ത് പൊലീസുകാര്‍ ഉറഞ്ഞുതുള്ളിയപ്പോഴായിരുന്നു അത്. നാദാപുരത്തിന്റെ ഈ നൊമ്പരത്തില്‍ പൊതിഞ്ഞ പരാതി കേള്‍ക്കാന്‍ അന്ന് സന്മനസ്സ് പ്രകടിപ്പിക്കാത്തവര്‍ വൈകിയാണെങ്കിലും പൊലീസിന്റെ നീതിനിഷേധവും ഗുണ്ടാപണിയും ലോകത്തോട് വിളിച്ചു പറയുന്നത് നമ്മുടെ പരിസരങ്ങള്‍ ശരിവെക്കുന്നു.
പാര്‍ട്ടി ഗ്രാമമായ വളയത്ത് ജിഷ്ണുവിന്റെ കുടുംബം അനാഥത്വംപേറി കനിവ് വറ്റാത്ത മനുഷ്യരോട് പറയുന്നതത്രയും കരളലിയിക്കുന്നവയാണ്. ഭരണകൂട ഭീകരതയുടെ താണ്ഡവം… ചെങ്കൊടികൊണ്ട് ചെഞ്ചായം പൂശിയ പോയകാലത്തെ വളയം ഗ്രാമം പുത്തന്‍ രാഷ്ട്രീയ വാക്യങ്ങള്‍ തുന്നിക്കെട്ടിയ അരുതായ്മകളോര്‍ത്ത് വിലപിക്കുകയാണ്. ഇരയേത് വേട്ടക്കാരേത് എന്ന് തിരിച്ചറിയാത്ത ശോകഛവി പരത്തുന്ന ചുറ്റുവട്ടങ്ങള്‍. ഇവിടെ ആരും രാഷ്ട്രീയം പറയുന്നില്ലെന്നത് പറയേണ്ടവര്‍ അര്‍ത്ഥ ഗര്‍ഭത്തോടെയുള്ള മൗനത്തിലാണ്. കൊടിയുടെ നിറം ഏതെങ്കിലുമാവട്ടെ കൊടിമരത്തിന് കീഴെ പ്രതിഷേധ ജ്വാലയൊരുങ്ങുകയാണ് പ്രിയപ്പെട്ട ജിഷ്ണുവിന് വേണ്ടി. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഇനിയും കൈമോശം വന്നിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ ഉയിര്‍പര്‍വങ്ങള്‍ നാദാപുരത്തിന്റെ മണ്ണില്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം എന്തിനും ഏതിനും തയ്യാറെടുത്ത് നില്‍പ്പാണ്.
പൊലീസിന്റെ ഭീകരത ഒരുപാട് അനുഭവിച്ചവരാണ് വളയത്തേയും വാണിമേലിലേയും നാദാപുരത്തേയും തൂണേരിയിലേയും മനുഷ്യര്‍. ഒടുവിലത് തിരുവനന്തപുരത്തും കേരളം കണ്ടുവെന്നത് നാദാപുരത്തുകാര്‍ക്ക് വലിയ വാര്‍ത്തയാകുന്നില്ല. മകന്റെ ഘാതകരെ കണ്ടെത്താനാണ് അമ്മ മഹിജയും കുടുംബവും തിരുവനന്തപുരത്തെത്തിയത്, നീതി കിട്ടുമെന്ന ഉറച്ച വിശ്വാസത്തില്‍. അതിന് ഒരു കാരണമുണ്ട്. വര്‍ഗ തൊഴിലാളി പോരാട്ടങ്ങള്‍ക്ക് പിറന്ന മണ്ണിനെ പാകപ്പെടുത്താന്‍ തലമുറകളായി പടയണി ചേര്‍ന്ന ഒരു കുടുംബത്തിന്റെ നൊമ്പരമറിയാന്‍ ഭരണത്തിലിരിക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്ക് മറ്റൊന്നും തടസ്സമാകില്ലായെന്ന വിശ്വാസം തന്നെ. നടുറോഡില്‍ മഹിജയെന്ന മലയാളത്തിന്റെ ദു:ഖപുത്രിയും കുടുംബവും പൊലീസുകാരുടെ അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അപമാനങ്ങള്‍ക്കും മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി നിലവിളിച്ചപ്പോഴും നാടാകെ വിറങ്ങലിച്ചിട്ടും അധികാരി വര്‍ഗവും പൊലീസ് സേനയും സംഭവങ്ങളെ ന്യായീകരിക്കാന്‍ പാടുപെടുകയായിരുന്നു. (നിയമങ്ങളേയും സംസ്‌കാരത്തേയും മനുഷ്യര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സനാതന മൂല്യങ്ങളേയും ചവിട്ടിമെതിച്ച് കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് പുതിയ ഗുണ്ടാമുഖവുരയെഴുതിയ മന്ത്രി മണിയെ സ്വന്തം മണിയാശാനായി പാടിപുകഴ്ത്തിയ നാദാപുരത്തെ സി.പി.എം അണികള്‍ക്ക് പാര്‍ട്ടിക്ക് വന്ന് പെട്ട അപചയമോര്‍ത്ത് തലകുനിക്കേണ്ടിവരുന്നു)
ചെഗുവേരയുടെ ഛായാചിത്രത്തില്‍ മുഖമമര്‍ത്തി മാര്‍ക്‌സിയന്‍ ചിന്തകളുടെ വിപ്ലവ ഭേരികള്‍ മനസ്സില്‍ ആവാഹിച്ച് പുത്തന്‍ തലമുറയിലെ ചുകപ്പന്‍ ആധിപത്യം സ്വപ്‌നം കണ്ട ജിഷ്ണു പ്രണോയിയെന്ന മിടുക്കനായ വിദ്യാര്‍ത്ഥി ഏത് കൊടിപിടിച്ചുവെന്നതല്ല ഇവിടെ പ്രശ്‌നം. രാജ്യത്തിന്റെ സ്വന്തമാകേണ്ട നിപുണനും യോഗ്യനുമായ ഒരു ശാസ്ത്ര ബുദ്ധിയെ ഇല്ലാതാക്കിയ കശ്മലന്മാരെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത പൊലീസിന്റെ ഒളിച്ചുകളിയാണ്. ജിഷ്ണുവിന്റെ ജീവന്‍ ഒറ്റിയവരെ നാട്ടുകാര്‍ കാണുന്നു, വിദ്യാര്‍ത്ഥികള്‍ കാണുന്നു. അങ്ങാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറും വഴിയാത്രക്കാരനും കാണുന്നു. പക്ഷേ, നമ്മുടെ പൊലീസിന്റെ ദൃഷ്ടിയില്‍ മാത്രം അവരെത്തുന്നില്ലായെന്ന വിചിത്രം എങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയുക? അമ്മ മഹിജയെപ്പോലെ കണ്ണീരും കഥയുമായി കഴിയുന്ന ഒരു ഉമ്മയുണ്ട്. നാദാപുരത്തെ തൂണേരിയിലെ കാളിയ പറമ്പത്ത് സുബൈദയുടെ മകന്‍ അസ്‌ലമിന്റെ കൊലയാളികളെ പൂര്‍ണ്ണമായി ഇനിയും പിടിക്കാന്‍ കഴിയാത്ത പൊലീസിന്റെ കള്ളക്കളിയോര്‍ത്ത് അവര്‍ ഇപ്പോഴും വിങ്ങിപ്പൊട്ടുന്നു.
വഴിയോരങ്ങളെ സ്‌നേഹ സ്പര്‍ശം കൊണ്ട് സമ്പന്നമാക്കിയ നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായ അസ്‌ലമിന്റെ ജീവന്‍ തട്ടിയെടുത്ത കാപാലികര്‍ നാട്ടില്‍ പൊലീസിന്റെ മൂക്കിന് മുമ്പില്‍ സൈ്വരവിഹാരം നടത്തിയപ്പോള്‍ കണ്ണീര്‍ കടം വാങ്ങിയ അസ്‌ലമിന്റെ കുടുംബം കേരളത്തില്‍ മറ്റൊരു ഉത്തരം കിട്ടാത്ത ചോദ്യമായി മാറുകയാണ്. അസ്‌ലമിന്റെ ഘാതകരെ തിരയുകയാണെന്ന പൊലീസ് ഭാഷ്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
നാദാപുരത്തെ പൊലീസ് എക്കാലവും വിവാദങ്ങളുയര്‍ത്തിയിട്ടുണ്ട്. മുന്‍ വിധിയോടെയാണ് അന്നും ഇന്നും നാദാപുത്തെ പൊലീസ് പ്രശ്‌നങ്ങളെ സമീപിക്കുന്നത്. ഒരു പ്രത്യേക സമുദായത്തോടുള്ള പൊലീസിന്റെ ഭീകരവും ഹീനവുമായ ഇടപെടലുകള്‍ക്കറുതി വരുത്താന്‍ സമരങ്ങളും സത്യഗ്രഹങ്ങളുമുണ്ടായിട്ടുണ്ട്, വലിയ വിജയം കണ്ടില്ലെങ്കിലും. നാദാപുരത്തെ മുഴുവന്‍ പൊലീസുകാരും ഈ പട്ടികയില്‍ പെട്ടവരാണെന്ന് പറയുകയല്ല. മനുഷ്യത്വം വറ്റാത്തവരും ഇവര്‍ക്കിടയിലുണ്ട്. പക്ഷേ, അത്തരം പൊലീസുദ്യോഗസ്ഥന്മാര്‍ക്ക് നാദാപുരത്തെ വെള്ളം അധികനാള്‍ കുടിക്കാന്‍ കഴിയാറില്ല. സ്ഥലമാറ്റം താമസിയാതെ അവരെ തേടിയെത്തുന്നു. കൊള്ളക്കാരോടോ കൊടും ഭീകരരോടോ പെരുമാറുന്നത് പോലെയാണ് നാദാപുരത്തുകാരോടുള്ള പൊലീസിന്റെ ഇടപാട്. ഒരു ഉദാഹരണത്തിന് ഹെല്‍മറ്റ് ധരിക്കാതെയെങ്ങാന്‍ പൊലീസിന്റെ മുമ്പില്‍ ചെന്ന് പെട്ടുവന്ന് കരുതുക. അന്നത്തെ ദിവസം പോക്കാ. ‘എടാ…… ന്റെ മോനേ നിന്റെ…. ന്റെതാണോടാ റോഡും നിയമവുമൊക്കെ…..’ നാദാപുരം പൊലീസിന്റെ തെറിപൂരത്തിന്റെ ഒരു സാമ്പിളാണിത്. ബൈക്കില്‍ യാത്ര ചെയ്യുന്ന പ്രവാസികളെ തിരഞ്ഞുപിടിച്ച് തെറിവിളിക്കുന്നതും നാദാപുരത്ത് സാധാരണമാണ്. ലൈസന്‍സ് വീട്ടില്‍ വെച്ച് മറന്നാലോ സ്പീഡൊന്ന് കൂടിയാലോ പിന്നെ പറയേണ്ട. പാവം ഗള്‍ഫുകാരന്‍ പെട്ടത് തന്നെ. ഒരേ കേസില്‍ രണ്ട് രീതിയും രണ്ട് നീതിയും പൊലീസിന്റെ പ്രഖ്യാപിത നയം പോലെയാണ്. നെറികെട്ട ഇത്തരം പൊലീസ് ചെയ്തികളെ അംഗീകരിക്കാത്ത ചില പൊലീസ് മേധാവികള്‍ പലപ്പോഴും ഞാനൊന്നുമറിയില്ലെന്നവിധം കൈമലര്‍ത്തുകയാണ് പതിവ്. ഒരു പ്രത്യേക സമുദായത്തിലെ യുവാക്കള്‍ ഏതെങ്കിലും പെറ്റിക്കേസില്‍ പെട്ടാല്‍ ‘കടന്നുവന്നവരെന്നും ഗുണ്ടകളൊന്നുമൊക്കെ വിളിച്ചാക്ഷേപിക്കുന്ന നാദാപുരം പൊലീസിന്റെ സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് ഭരണകൂടത്തിന് വരെയറിയാമെന്നതാണ് വസ്തുത.
നാദാപുരം മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതൊഴിവാക്കാന്‍ സമാധാന ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. പരസ്പരം അറിഞ്ഞും വിട്ടുവീഴ്ച ചെയ്തും പ്രകോപനങ്ങള്‍ ഒഴിവാക്കിയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമയുടെ വഴികള്‍ തേടുകയാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പൊലീസ് പക്ഷം ചേര്‍ന്ന് രംഗം കൂടുതല്‍ വഷളാക്കുകയാണെന്ന പരാതിയും പരക്കെയുണ്ട്.
സമൂഹത്തില്‍ വര്‍ഗീയതയും തീവ്രവാദ ചിന്തകളും വളരാന്‍ പൊലീസിന്റെ താളം തെറ്റിയ നടപടികള്‍ വഴിയൊരുക്കുമെന്ന നിയമജ്ഞരുടേയും പൊതുപ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ ശരിവെക്കുന്നതാണ് മേഖലയിലെ സംഭവഗതികള്‍ വിളിച്ചറിയിക്കുന്നത്. നാദാപുരത്തും താനൂരിലും ഒടുവില്‍ തിരുവനന്തപുരത്തും പൊലീസിന്റെ തീക്കളി വല്ലാതെ തളര്‍ത്തുന്നു. മഹിജയുടെ നിലവിളി അതാണ് ആവശ്യപ്പെടുന്നത്. മഹിജക്ക് നീതികിട്ടുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് മഹിജക്ക് കിട്ടിയതാവട്ടെ ഒരു പെറ്റ വയറ്റിനും താങ്ങാനാവാത്തതും. വളയത്തെ വീട്ടില്‍ മരണവുമായി അഭിമുഖം നില്‍ക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ രോദനം നാടിനെ ഞെട്ടിച്ചിട്ടും ഭരണകൂടം വലിയേട്ടന്‍ ഭാവം തുടരുകയാണ്. അവിഷ്ണയെ അളവറ്റ് സ്‌നേഹിക്കുന്ന നാടും നാട്ടുകാരും ഒപ്പമുണ്ട്.
മഹിജയും മകള്‍ അവിഷ്ണയും പിതാവ് അശോകനും അമ്മാവന്‍ ശ്രീജിത്തും ഓര്‍മ്മകളില്‍ നിന്നെടുത്ത് വേദനയോടെ പൊതു സമൂഹവുമായി പങ്കുവെക്കുന്ന ഒരു സത്യമുണ്ട്. ‘മുഖ്യമന്ത്രിയുടെ ചങ്കിനേറ്റ വാക്കുകള്‍..’ പൊലീസിന്റെ മര്‍ദനത്തേക്കാള്‍ തങ്ങള്‍ ജീവന് തുല്യം ആദരിക്കുന്ന സഖാവ് പിണറായി വിജയന്റെ കഠാരയേക്കാള്‍ മൂര്‍ഛയുള്ള പ്രയോഗങ്ങളും അവഗണനകളുമാണ് ജിഷ്ണുവിന്റെ കുടുംബത്തെ ആകെ തളര്‍ത്തുന്നത്. ശരീരത്തിലെ മുറിവുകള്‍ മരുന്നുകള്‍ കൊണ്ട് മാറ്റാം, പക്ഷേ, രക്ഷകരായെത്തേണ്ടവര്‍ പുറംകാല് കൊണ്ട് ചവിട്ടിത്തേച്ച വേദന ഏത് മരുന്ന് കൊണ്ടാണ് മാറ്റാന്‍ കഴിയുക? ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ മോശക്കാരനാക്കാനുള്ള ശ്രമവും നടക്കുന്നു. വളയമെന്ന പാര്‍ട്ടി ഗ്രാമത്തിലെ കാര്യവിചാരമുള്ള അല്‍പ്പം ചില സഖാക്കളില്‍ ഒരാളാണ് ശ്രീജിത്ത്. ദേശാഭിമാനി ലേഖകന്‍ കൂടിയായ ശ്രീജിത്തിന് പാര്‍ട്ടിയിലുള്ള സ്വാധീനം ചെറുതല്ല. ഇതൊന്നും പൊലീസുകാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. എന്നാല്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പോരാളിയായ ശ്രീജിത്തിനേ നന്നായറിയാം. നാദാപുരത്തിന്റെ ചോരവീണ മണ്ണില്‍ ബലികുടീരങ്ങളെ ചെഞ്ചായമണിയിക്കാന്‍ അണിചേര്‍ന്ന സഖാക്കള്‍ നിരാശയോടെ പരസ്പരം പറയുന്നു. ജിഷ്ണുവിന്റെ കുടുംബത്തെ വേണ്ടാത്തവരെ നമുക്കും വേണ്ട.