തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം യാത്രയുമായി ബന്ധപ്പെട്ട് വനംമന്ത്രി കെ.രാജുവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായ നടപടി സ്വീകരിക്കുക വഴി വനംവകുപ്പ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സ്ത്രീസംഘടനകള്‍. ജനുവരി 24 ന് നടന്ന ചര്‍ച്ചയില്‍ സ്ത്രീകളെ ട്രക്കിംഗില്‍ പങ്കെടുപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയും ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനാവകാശത്തിന് വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. തുടര്‍ന്ന് ട്രക്കിങിന് തയാറുള്ള 51 സ്ത്രീകളുടെ പട്ടിക വനംവകുപ്പിന് കൈമാറുകയും അത് അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ചര്‍ച്ചയിലെ തീരുമാനത്തിന് വ്യത്യസ്തമായി 10 സ്ത്രീകളെ മാത്രമേ ട്രക്കിങില്‍ പങ്കെടുപ്പിക്കുകയുള്ളൂവെന്നും അതിരുമല വരെ മാത്രമേ യാത്ര അനുവദിക്കൂവെന്നും വ്യക്തമാക്കി രണ്ട് ദിവസം മുന്‍പ് മാത്രം സര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനിടെ അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ തടഞ്ഞ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡറുമുണ്ടായി. ഇതോടെയാണ് ശനിയാഴ്ച രാവിലെ തുടങ്ങാനിരുന്ന ട്രക്കിങ് മുടങ്ങിയത്. ഇതിന് പിന്നില്‍ വനംവകുപ്പും സ്ത്രീവിരുദ്ധ നിലപാടുള്ളവരും തമ്മില്‍ ഒത്തുകളിയുണ്ടോ എന്ന് സംശയിക്കണം.

1990 മുതല്‍ സുരക്ഷാ കാരണങ്ങളാല്‍ സ്ത്രീപ്രവേശനം നിഷേധിച്ചുവെന്ന് പറയുന്ന വനംവകുപ്പ് 17 വര്‍ഷത്തിന് ശേഷവും ഇതാവര്‍ത്തിക്കുന്നത് പരിഹാസ്യമാണ്. സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഏതറ്റംവരെ നിയമ പോരാട്ടം നടത്തിയും പ്രവേശനാനുമതി നേടിയെടുക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. എം.സുല്‍ഫത്ത് (പെണ്ണൊരുമ), ദിവ്യ ദിവാകരന്‍ (വിങ്‌സ് കേരള), ആര്‍.ഷൈനി (ബുള്ളറ്റ് ക്ലബ്), രജിത (അന്വേഷി), ഷൈലജ, ഹിമ ശങ്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.