ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്ക്. നിലവില്‍ വിമുക്ത ഭടന്മമാര്‍ക്കായി സംവരണം ചെയ്ത ഒഴിവുകള്‍ പോലും നികത്തിയിട്ടില്ലെന്നിരിക്കെയാണ് പുതിയ വാഗ്ദാനം. നിലവിലുള്ള സംവരണങ്ങള്‍ക്ക് പുറമെ 10 ശതമാനം അഗ്നിവീര്‍ സംവരണം കൂടി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ നിലവിലെ സംവരണം പോലും പാലിക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകളില്‍ ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ യഥാക്രമം 10ഉം 20 ഉം ശതമാനം വിമുക്ത ഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് റീസെറ്റില്‍മെന്റിന്റിന്റെ കണക്ക് പ്രകാരം ഗ്രൂപ്പ് സി തസ്തികകളിലെ വിമുക്ത ഭടന്മാരുടെ എണ്ണം 1.29 ശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡിയില്‍ 2.66 ശതമാനവും. ആകെയുള്ള 77 വകുപ്പുകളില്‍ 34 എണ്ണത്തിലെ കണക്കാണിത്.

10,84,705 ഗ്രൂപ്പ് സി തസ്തികകള്‍ ഉള്ളതില്‍ ആകെയുള്ളത് 19,976 വിമുക്ത ഭടന്മാര്‍ മാത്രം. സംവരണ തോത് അനുസരിച്ച് 15 ലക്ഷത്തോളം പേര്‍ക്ക് നിയമനം ലഭിക്കേണ്ട സ്ഥാനത്താണിത്. 3,25,265 ഗ്രൂപ്പ് ഡി തസ്തികകളില്‍ വിമുക്ത ഭടന്മാരുടെ എണ്ണം 8,642 മാത്രം. സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ്, സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സ് എന്നിവയില്‍ വിമുക്ത ഭടന്മാര്‍ക്ക് 10 ശതമാനം നേരിട്ടുള്ള നിയമനം നല്‍കണമെന്നാണ് ചട്ടം.

അസിസ്റ്റന്റ് കമാന്‍ഡന്റ് വരെയുള്ള തസ്തികകളില്‍ ആയിരിക്കും നിയമനം. എന്നാല്‍ നിലവില്‍ രണ്ടു സേനകളിലും റിട്ട. സൈനികര്‍ യഥാക്രമം 0.47 ശതമാനവും 0.87 ശതമാനവുമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് സി തസ്തികകളില്‍ 14.5 ശതമാനവും ഗ്രൂപ്പ് ഡി തസ്തികകളില്‍ 24.5 ശതമാനവുമാണ് വിമുക്തഭടന്മാര്‍ക്കുള്ള സംവരണം.

എന്നാല്‍ നികത്തിയതാവട്ടെ ഗ്രൂപ്പ് സിയില്‍ 1.15 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 0.3 ശതമാനവും. ആകെയുള്ള 170 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 94 എണ്ണത്തിലെ കണക്കാണിത്. ഇതിനു സമാനമായി പൊതുമേഖലാ ബാങ്കുകളില്‍ ഗ്രൂപ്പ് സിയില്‍ 14.5 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 24.5 ശതമാനവും സംവരണമുണ്ട്. എന്നാല്‍ ജോലി ലഭിച്ചത് ഗ്രൂപ്പ് സിയില്‍ 9.10 ശതമാനത്തിനും ഗ്രൂപ്പ് ഡിയില്‍ 21.3 ശതമാനത്തിനും മാത്രം. താരതമ്യേന ബാങ്കിങ് മേഖലയില്‍ മാത്രമാണ് ഭേദപ്പെട്ട നിയമനം നടക്കുന്നത്. ഇങ്ങനെയിരിക്കെയാണ് പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍വീസില്‍ 10 ശതമാനം സംവരണം എന്ന ഉണ്ടയില്ലാ വെടിയുമായി അമിത് ഷായും രാജ്‌നാഥ് സിങും രംഗത്തെത്തിയത്.