മ്യൂണിക്: ബയേണ്‍ മ്യൂണികിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഒന്നാം പാദത്തിനിറങ്ങുന്ന ആഴ്‌സണലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലു തവണയും ഗണ്ണേഴ്‌സിനെ മറികടന്ന ആത്മ വിശ്വാസമാണ് ബയേണിനുള്ളത്. ഇന്‍ഗോള്‍സ്റ്റാഡിറ്റുമായുള്ള ബുണ്ടസ് ലീഗ മത്സരത്തിലെ വിജയവുമായാണ് ബയേണ്‍ ഗണ്ണേഴ്‌സിനെ നേരിടാനെത്തുന്നത്. അതേ സമയം ടീം ചാമ്പ്യന്‍സ് ലീഗിനെയാണ് ഉറ്റു നോക്കുന്നതെന്ന് ബയേണ്‍ താരം ലവന്‍ഡോസ്‌കി പറഞ്ഞു. മ്യൂണികില്‍ വെച്ച് മികച്ച മത്സരം കാഴ്ചവെക്കാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും എന്നാല്‍ ആഴ്‌സണല്‍ മികച്ച ടീമാണ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രാധാന്യം കൂടിയാകുമ്പോള്‍ മത്സരം കടുത്തതായിരിക്കുമെന്ന് ലവന്‍ഡോസ്‌കി പറഞ്ഞു. ഞങ്ങളുടെ സ്വാഭാവിക കളി പുറത്തെടുക്കാനായാല്‍ ആഴ്‌സണലിന് കാര്യമായ അവസരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2009-10 സീസണിനു ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിനപ്പുറം പോകാന്‍ ആഴ്‌സണലിനായിട്ടില്ല. അതേ സമയം ബയേണാവട്ടെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സെമിയിലെത്താതിരുന്നിട്ടില്ല. കാര്‍ലോ ആന്‍ചലോട്ടിയുടെ സംഘം അവസാനം കളിച്ച 14ല്‍ 13 ഉം വിജയിച്ച ആത്മ വിശ്വാസവുമായാണ് ഇന്നിറങ്ങുന്നതെങ്കില്‍ ഗണ്ണേഴ്‌സ് അവസാനം കളിച്ച മൂന്നില്‍ രണ്ടും തോറ്റാണ് എത്തുന്നത്. അലയന്‍സ് അറീനയില്‍ പിടിച്ചു നിന്നെങ്കില്‍ മാത്രമേ ഗണ്ണേഴ്‌സിന് മാര്‍ച്ച് ഏഴിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിട്ടേണ്‍ ലഗില്‍ പ്രതീക്ഷ നിലനിര്‍ത്താനാവൂ.
മാഡ്രിഡിലെ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടക്കുന്ന റയല്‍ മാഡ്രിഡ്-നാപ്പോളി പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ റയലിനാണ് അല്‍പം മുന്‍തൂക്കം. ലാ ലീഗയില്‍ ഒസാസുനക്കെതിരായ അവസാന മത്സരം 3-1ന് വിജയിച്ച ആത്മ വിശ്വാസവുമായാണ് റയല്‍ ഇന്ന് മത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍ താരം കൃസ്റ്റിയാനോ ഇന്ന് കളിക്കുമോ എന്ന് വ്യക്തമല്ല. അതേ സമയം 18 മത്സരങ്ങളില്‍ പരാജയമറിയാതെ എത്തുന്ന നാപ്പോളി സീസണില്‍ യൂറോപ്പിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ്. സാന്‍പൗളോയിലെ നാപ്പോളിയുടെ കുപ്രസിദ്ധമായ അന്തരീക്ഷത്തില്‍ റിട്ടേണ്‍ ലഗ് കളിക്കാന്‍ എത്തും മുമ്പേ വ്യക്തമായ ലീഡ് നേടുകയെന്നതാണ് റയലിന് മുന്നിലെ വെല്ലുവിളി. നാപ്പോളി മികച്ച ടീമാണെങ്കിലും അവരെ മറികടക്കാന്‍ തങ്ങള്‍ക്കാവുമെന്ന് റയല്‍ ക്യാപ്റ്റന്‍ സര്‍ജിയോ റാമോസ് പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് നാലു മാസമായി കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നാപ്പോളിയുടെ സ്‌ട്രൈക്കര്‍ അര്‍കാഡിയസ് മിലിക് ഇന്നത്തെ മത്സരത്തില്‍ മടങ്ങിയെത്തുന്നത് സന്ദര്‍ശകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മിലികിന്റെ അഭാവത്തില്‍ ടീമിന്റെ കുന്തമുനയായി കളിച്ച നാപ്പോളിയുടെ ബെല്‍ജിയം ഫോര്‍വേഡ് ഡ്രൈസ് മെര്‍ട്ടന്‍സ് അവസാനം കളിച്ച 10 മത്സരങ്ങളില്‍ 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇറ്റാലിയന്‍ സിരി എയില്‍ 2017ല്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ടീം ചാമ്പ്യന്‍സ് ലീഗിനെത്തുന്നത്. ഇതിനു മുമ്പ് ഇരു ടീമുകളും തമ്മില്‍ ഒരേ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 1987-88 യൂറോപ്യന്‍ കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ റയല്‍ നാപ്പോളിയെ മറികടന്നിരുന്നു. ആദ്യ റൗണ്ടില്‍ 2-0നു വിജയിച്ച റയല്‍ രണ്ടാം റൗണ്ടില്‍ 1-1ന് സമനില പാലിക്കുകയായിരുന്നു. എങ്കിലും ഇറ്റാലിയന്‍ ടീമുകളുമായുള്ള ചാമ്പ്യന്‍സ് ലീഗ്, യൂറോപ്യന്‍ കപ്പ് മത്സരങ്ങളില്‍ എട്ടില്‍ ഏഴും റയല്‍ പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ സീസണില്‍ റോമയെ റയല്‍ കീഴടക്കിയതാണ് ഇതില്‍ ഏക മാറ്റം. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് സ്‌റ്റേജില്‍ റയല്‍ എത്തുന്നത് ഇത് തുടര്‍ച്ചയായ 20-ാമത്തെ തവണയാണ്.