ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയിലായി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വയെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയിലെ എയര്‍ഫോഴ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് അരുണ്‍ മാര്‍വ ജോലി ചെയ്തിരുന്നത്. ഹണിട്രാപ്പ് വഴി ഉദ്യോഗസ്ഥനെ പാക് ചാരസംഘടന വലയില്‍ വീഴ്ത്തുകയായിരുന്നു. വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത യുവതിക്കാണ് അരുണ്‍ രഹസ്യവിവരങ്ങള്‍ കൈമാറിയത്. പിടിയിലായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.