പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സമീപത്തെ മതിലിടിച്ച് തകര്‍ത്തു. തമിഴ്‌നാട്ടിലെ തൃശിനപ്പള്ളി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. തൃശിനാപ്പള്ളിയില്‍ നിന്നും ദുബൈയിലേക്ക് ട്രിച്ചി-ദുബൈ ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ 1.20ഓടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലിലിടിച്ചത്.
136 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്നും എയര്‍ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബൈയിലെത്തിക്കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റ് ഉപകരണങ്ങളും തകര്‍ന്നു.
സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവല്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം കഴിയുന്നതുവരെ ജോലിയില്‍ നിന്ന് പൈലറ്റിനെയും സഹപൈലറ്റിനെയും മാറ്റി നിര്‍ത്തുമെന്നും ഡിജിസിഎ അറിയിച്ചു.